Movie

കമലഹാസൻ നായകനായ ‘കാത്തിരുന്ന നിമിഷ’വും മധുവിൻ്റെ ‘റൗഡി രാമു’വും പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 45 വർഷം

സിനിമ ഓർമ്മ

ബേബിയുടെ ‘കാത്തിരുന്ന നിമിഷം’, എം കൃഷ്‌ണൻനായരുടെ ‘റൗഡി രാമു’ എന്നീ ചിത്രങ്ങൾ റിലീസായിട്ട് 45 വർഷം. 1978 ഫെബ്രുവരി 17 നാണ് രണ്ട് ചിത്രങ്ങളും പ്രദർശനത്തിനെത്തിയത്. സ്ത്രീകളുടെ മാനത്തിന് ഭീഷണിയാവുന്നവരെ സ്ത്രീകൾ തന്നെ നേരിടുന്ന ക്ളൈമാക്‌സാണ് രണ്ട് ചിത്രങ്ങളിലും. മലയാളത്തിലെ എക്കാലത്തെയും നല്ല ഗാനങ്ങളുമായാണ് രണ്ട് ചിത്രങ്ങളും ഒരേ സമയം എത്തിയത്. ഈ സിനിമകളിലെ ‘ചെമ്പകത്തൈകൾ പൂത്ത മാനത്ത്’ (ശ്രീകുമാരൻ തമ്പി- എം.കെ അർജ്ജുനൻ), ‘നളദമയന്തിക്കരയിലെ അരയന്നം പോലെ’ (ബിച്ചു തിരുമല- ശ്യാം) എന്നീ ഗാനങ്ങൾ ഇന്നും മലയാളികൾ ഏറ്റു പാടുന്നുണ്ട്.
കമലഹാസൻ, ജയൻ, സോമൻ, സുകുമാരൻ എന്നിവർ ഒരുമിച്ചഭിനയിച്ച ചിത്രമാണ് ‘കാത്തിരുന്ന നിമിഷം.’ ജയഭാരതി അഭിനയിച്ച സഹോദരിയെ ബലാൽസംഗത്തിനിരയായതിന് പകരം വീട്ടാൻ, പീഡകന്റെ (ജയൻ) സഹോദരിയെ (വിധുബാല) പീഡിപ്പിക്കാൻ ശ്രമിക്കുന്ന കഥാപാത്രമായിരുന്നു കമലിന്റേത്. തിരക്കഥ കെ വിജയൻ. ക്ളൈമാക്‌സിലെ പൊരിഞ്ഞ സംഘട്ടനത്തിനിടയിൽ ഇരയായ ജയഭാരതി വില്ലനായ ജയനെ കൊല്ലുന്നു.
ബേബിയുടെ പ്രേതസിനിമ ‘ലിസ’ നിർമ്മിച്ച ധന്യ പ്രൊഡക്ഷൻസാണ് നിർമ്മാണം. സംഗീത സംവിധായകനായ രഘുകുമാർ ധന്യ പ്രൊഡക്ഷൻസിന്റെ ഒരു പങ്കാളിയായിരുന്നു. ‘അനുപല്ലവി’, ‘സർപ്പം’, ‘ശക്തി’ എന്നീ ഹിറ്റുകളും ധന്യ നിർമ്മിച്ചു.
‘ചെമ്പകത്തൈകൾ’ (കമൽ-വിധുബാല ജോടികളുടെ പാട്ട്) കൂടാതെ ‘കാറ്റിലോളങ്ങൾ കെസ്സ് പാടും’ (സോമൻ-മല്ലിക സുകുമാരൻ ജോടികളുടെ പാട്ട്), ‘ശാഖാ നഗരത്തിൽ’ എന്നീ ഹിറ്റുകളും ‘കാത്തിരുന്ന നിമിഷം’ സമ്മാനിച്ചു.

Signature-ad

സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം മണി നിർമ്മിച്ച ചിത്രമാണ് ‘റൗഡി രാമു’. കഥ സുനിത. തിരക്കഥ ചേരി വിശ്വനാഥൻ. പഞ്ചായത്ത് പ്രസിഡണ്ടും (ജോസ് പ്രകാശ്) നാട്ടിലെ നല്ലവനായ റൗഡിയുമായ രാമുവും (മധു) തമ്മിലുള്ള കശപിശയും അടുത്ത ഇലക്ഷനിൽ രാമു ജയിക്കുന്നതുമാണ് കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്. രാമുവിന്റെ സഹോദരിയെ (ശാരദ) മുൻപ്രസിഡണ്ട് തട്ടിക്കൊണ്ടു പോകുന്നു. സഹോദരിയെ വീണ്ടെടുക്കാനുള്ള പൊരിഞ്ഞ സംഘട്ടനത്തിനിടെ സഹോദരി വില്ലനെ കൊല്ലുന്നു.
‘നളദമയന്തി’യെ കൂടാതെ ‘നേരം പോയ്, നടകാളേ വേഗം’, ‘മഞ്ഞിൻ തേരേറി’ (വാണിജയറാം, എസ് ജാനകി എന്നിവർ ചേർന്ന് പാടിയത്), ‘ഗാനമേ പ്രേമഗാനമേ’ എന്നീ ഗാനങ്ങളും ‘റൗഡി രാമു’വിനെ ജനപ്രിയമാക്കി.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: