ലക്‌നൗ: കാമുകനുമായി ലൈംഗികമായി ബന്ധപ്പെടുന്നത് കണ്ട 12 വയസുകാരനായ സഹോദരനെ അരിവാൾ കൊണ്ട് വെട്ടിക്കൊന്ന് സഹോദരി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. കാമുകനൊപ്പം 18വയസുള്ള സഹോദരി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് 12 വയസകാരനായ സഹോദരൻ കൈയോടെ പിടിച്ചു. ഇക്കാര്യം വീട്ടില്‍ പറയുമെന്ന് കുട്ടി പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. അരിവാള്‍ കൊണ്ട് വെട്ടിയാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. നാട്ടുകാരാണ് 12കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ 18കാരിയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കാമുകനെ വിളിപ്പിച്ചും ചോദ്യം ചെയ്തു.
സംഭവം നടന്ന സമയത്ത് ലക്‌നൗവില്‍ ആയിരുന്നു എന്ന് സ്ഥാപിക്കാനാണ് കാമുകന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവസമയത്ത് കൊലപാതകം നടന്ന സ്ഥലത്തിന് അരികില്‍ ഇരുവരുടെയും ഫോണുകള്‍ ആക്ടീവ് ആയിരുന്നു എന്ന് കണ്ടെത്തി. പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റസമ്മതം നടത്തുകയായിരുന്നു.