ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ക്ലോക്ക് റൂം, ബുക്ക്സ്റ്റാൾ ലേലത്തിൽ വൻ ക്രമക്കേടു നടന്നതായി ആരോപണം. ഉപദേശക സമിതി മുൻ അംഗം കെ.എസ്. രഘുനാഥൻ നായർ, ലേലത്തിൽ പങ്കെടുത്ത കരാറുകാരായ ടി.പി. രാജു, ചിറയിൽ വിജയകുമാർ, അജേഷ് എന്നിവരാണ് പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്.
ക്ലോക്ക് റൂം, ബുക്ക്സ്റ്റാൾ എന്നിവ ഒരു വർഷത്തേയ്ക്കാണ് ലേലത്തിൽ നൽകുന്നത്. ലേലം ഉറപ്പിക്കുമ്പോൾ തന്നെ പണം മുഴുവൻ അടക്കണം. എന്നാൽ ഈ വ്യവസ്ഥ ലംഘിച്ചു. ലേലംപിടിച്ച ശേഷം പണം അടയ്ക്കാതിരുന്ന ആളുകൾക്ക് നിരതദ്രവ്യം തിരിച്ചു കൊടുത്തു. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ എന്നിവരാണ് നിയമ പ്രകാരം ലേല നടപടികൾ പൂർത്തിയാക്കേണ്ടത്. എന്നാൽ ജൂനിയർ സൂപ്രണ്ടാണ് ലേലം നടത്തിയതെന്നും ഇവർ ആരോപിച്ചു.
ലേലം പിടിച്ച ചിലരിൽ നിന്നും മാത്രം ഉടൻ തന്നെ മുഴുവൻ പണവും അടപ്പിച്ചു. ചിലർക്ക് ദിവസങ്ങൾ സാവകാശം നൽകി. ഇത് അഴിമതിയാണ്. ഹൈക്കോടതി നിർദേശ പ്രകാരം കഴിഞ്ഞ വർഷംവരെ അഡ്വക്കേറ്റ് കമ്മീഷണറാണ് ലേലം നടത്തിയിരുന്നത്. എന്നാൽ ഇത്തവണ ഉദ്യോഗസ്ഥരുടെ തന്നിഷ്ട പ്രകാരമാണ് നടപടികളുണ്ടായതെന്നും, ദേവസ്വത്തിന് വൻ നഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥരിൽ നിന്നും പണം തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കണമെന്നും പുനർ ലേലം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
അതേസമയം, ലേലത്തിൽ പിടിച്ചയാൾ പണം അടക്കാതെ വന്നപ്പോൾ നിരതദ്രവും തിരികെ കൊടുത്തത് ഉദ്യോഗസ്ഥന്റെ പരിചയക്കുറവ് മൂലമാണന്നും നിരതദ്രവ്യം തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കുമെന്നും ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. ലേലം പിടിച്ചത് വലിയ തുകയ്ക്കായതിനാൽ, ദേവസ്വം കമ്മീഷണർ ഓഫീസുമായി ബന്ധപ്പെട്ട് 24 – മണിക്കൂർ സാവകാശം നൽകിയെന്നും തുക അടയക്കാതെ വന്നതിനാൽ രണ്ടാമത് വലിയ തുക വിളിച്ച ആൾക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കാൻ നടപടി സ്വീകരിക്കുമെന്നും ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. മറ്റു തിരക്കുകൾ ഉണ്ടായിരുന്നതിനാലാണ് ലേല സമയത്ത് ഉണ്ടാകാതിരുന്നത്. ഇതിനാലാണ് ജൂനിയർ സൂപ്രണ്ടിന് ചുമതല ഏൽപ്പിച്ചു നൽകിയത്. ദേവസ്വം ബോർഡിന് നഷ്ടമുണ്ടായിട്ടില്ലന്നും ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.