IndiaNEWS

ബി.ജെ.പി. തുടരുമോ ? സി.പി.എം- കോൺഗ്രസ് സഖ്യമോ? ത്രിപുരയിൽ ജനവിധി ഇന്ന്

അഗർത്തല: അടുത്ത അഞ്ചു വർഷം ആരു ഭരിക്കണമെന്നതിൽ ത്രിപുര ഇന്ന് വിധിയെഴുതും. 60 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. തുടർഭരണം ലക്ഷ്യമിട്ട് ബിജെപിയും അധികാരം തിരിച്ചുപിടിക്കാൻ സിപിഎം കോൺഗ്രസ് സഖ്യവുമാണ് മത്സരിക്കുന്നത്. 259 സ്ഥാനാർഥികൾ ജനവിധി തേടുന്നതിൽ 31 പേർ സ്ത്രീകളാണ്.

ത്രിപുരയിൽ ആദ്യമായാണ് സിപിഎം- കോൺ​ഗ്രസ് ഒരുമിച്ച് മത്സരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുവരും സംയുക്തറാലികൾ നടത്തി. ഇടതുമുന്നണി 47 സീറ്റുകളിൽ മത്സരിക്കുമ്പോൾ കോൺഗ്രസ് മത്സരിക്കുന്നത് 13 സീറ്റുകളിലാണ്. കഴിഞ്ഞ തവണ ബിജെപിക്ക് പോയ കോൺ​ഗ്രസ് വോട്ടുകൾ തിരിച്ച് പിടിക്കുകയും ഇടത്-കോൺ​ഗ്രസ് വോട്ടുകൾ ഒപ്പം നിർത്താനുമായാൽ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്നാണ് സിപിഎം-കോൺ​ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. ബിജെപിയാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. 55 പേരാണ് മത്സരംഗത്തുള്ളത്. സിപിഎം 43,തിപ്ര മോത പാർട്ടി 42, തൃണമൂൽ 28 എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ സ്ഥാനാർഥികൾ. അക്രമ സാധ്യത കണക്കിലെടുത്ത് എല്ലാ ബൂത്തുകളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി തെരഞ്ഞടുപ്പ് കമ്മീഷൻ അറിയിച്ചു.

Signature-ad

ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് റാലികളിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയും നിരവധി റാലികളിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സർബാനന്ദ സോനവാൾ, സ്മൃതി ഇറാനി, അർജുൻ മുണ്ട, മുഖ്യമന്ത്രിമാരായ ഹിമന്ത ബിശ്വശർമ, യോഗി ആദിത്യനാഥ്, എൻ. ബിരേൻ സിങ്, പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, എംഎൽഎ അഗ്‌നിമിത്ര പോൾ, അഭിനേതാക്കളായ മിഥുൻ ചക്രവർത്തി, ഹേമമാലിനി എന്നിവരും സംസ്ഥാനത്തിന് പുറത്തുള്ള നിരവധി ബിജെപി നേതാക്കളും എംപിമാരും ബി.ജെ.പിക്കു വേണ്ടി പ്രചാരണം നടത്തി.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എന്നിവരും ത്രിപുരയിലെ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. കോൺഗ്രസ് ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ കേന്ദ്രമന്ത്രിയും മുൻ എംപിയുമായ ദീപ ദാസ് മുൻഷി, കോൺഗ്രസ് നേതാവ് അൽക്ക ലാംബ തുടങ്ങിയ കോൺഗ്രസ് നേതാക്കളും പ്രചാരണത്തിനെത്തിയിരുന്നു.

 

Back to top button
error: