KeralaNEWS

കണ്ണീരോർമ… അന്തരിച്ച കാലടി ജയനെ സീരിയൽ സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണി ചെറിയാൻ ഓർമിക്കുന്നു

ഉണ്ണി ചെറിയാൻ

25 വർഷങ്ങൾക്കു മുമ്പാണ് ജയൻ ചേട്ടനെ നേരിൽക്കാണുന്നത്. സൂര്യ ടിവിയുടെ തുടക്കകാലം. അവരുടെ ആദ്യ പരമ്പരകളിലൊന്നിൽ…

Signature-ad

ജയൻ ചേട്ടൻ അന്ന് ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനായിരുന്നു. പ്രൊഫഷണൽ നാടകങ്ങളിലൂടെ തുടങ്ങി, അമ്പതിലധികം സിനിമകൾ അഭിനയിച്ചു കഴിഞ്ഞിരുന്നു ജയൻ ചേട്ടനപ്പോൾ ..

മലയാള സിനിമയിലെ നാഴികക്കല്ലുകളായ കിരീടവും തലയണമന്ത്രവുമൊക്കെ ചിത്രീകരിച്ചത് ജയൻ ചേട്ടന്റെ വീട്ടിലാണ് എന്ന് പിന്നെയാണറിയുന്നത്.

കാലം കടന്നുപോയപ്പോൾ, ജയൻ ചേട്ടൻ സീരിയൽ നിർമ്മാതാവും ഞാൻ ജയൻ ചേട്ടന് പ്രിയപ്പെട്ട സംവിധായകനുമായി.

‘സൂര്യപുത്രി’യുടെ രണ്ടാം ഭാഗവും ‘സ്നേഹത്തുവ’ലും ഉൾപ്പെടുന്ന 5 വർഷങ്ങൾ, 2005 മുതൽ 2010 വരെ ഏഷ്യാനെറ്റിൽ… സംവിധായകനായ എന്നെ ‘സൂര്യപുത്രി’ക്കിടയിൽ തിരക്കഥ എഴുതാൻ നിർബന്ധിച്ചതും ജയൻ ചേട്ടൻ തന്നെ.

2010 മുതൽ 2012 വരെ രണ്ടു വർഷം, ഒരുമിച്ചുള്ള ജോലിക്ക് ഇടവേള… ഇടവേളയിൽ ഞാൻ സൂര്യ ടിവിയിലേക്ക് തിരിച്ചു പോയപ്പോൾ ജയൻ ചേട്ടൻ ഏഷ്യാനെറ്റിൽ തുടർന്നു.

ഇടവേള കഴിഞ്ഞ് ഒരുമിച്ചൊരു വരവായിരുന്നു. കൈരളി ടിവി യിലെ കാര്യം നിസ്സാരം എന്ന പരമ്പരയുമായി. ജയൻ ചേട്ടൻ നിർമ്മാതാവ്, ഞാൻ തിരക്കഥാകൃത്തും സംവിധായകനും.!

പിന്നേയും ഒരുമിച്ച് മറ്റൊരു 5 കൊല്ലം. ഇതിനിടയിൽ കൈരളിക്കു വേണ്ടി വേറെയും സീരിയലുകൾ… ഒടുവിൽ 2018 ൽ കൈരളി ടിവിയുടെ പ്രോഗ്രാം വിഭാഗം മേധാവിയായി ഞാൻ പോകുന്നതു വരെ…

കൈരളിയിലേയ്ക്കു പോകാൻ നിർബന്ധിച്ചതും ജയൻ ചേട്ടനായിരുന്നു..

ഏതു നേരത്തും കയറിച്ചെല്ലാൻ സ്വത്രന്ത്യമുള്ള ജയൻ ചേട്ടന്റെ വീട്ടിൽ ഇന്നു വൈകിട്ട് ചെല്ലുമ്പോൾ ജയൻ ചേട്ടനില്ല… ഇല്ലെന്ന് അറിഞ്ഞിട്ട് തന്നെയാണ് വന്നത്.

കിരീടവും തലയണമന്ത്രവും ചിത്രീകരിച്ച വീട്ടിന്റെ മുറ്റത്തിരുന്നു. ഓർക്കാൻ ഒരുപാടുണ്ട്. എന്റെ വീടു കഴിഞ്ഞാൽ പിന്നെ എനിക്കേറ്റവും പ്രിയപ്പെട്ട വീട് ..

ഒരു മുൻപരിചയവുമില്ലാതെ ഈ തൊഴിൽ രംഗത്തെത്തിയ ഞാൻ ആരെങ്കിലുമായെങ്കിൽ, അതിന് പ്രിയപ്പെട്ട ജയൻ ചേട്ടനേക്കാൾ എനിക്ക് തണലായ മറ്റൊരാളില്ല.

യാത്ര…!

Back to top button
error: