പി വേണു സംവിധാനം ചെയ്ത ‘അമൃതചുംബന’വും ‘അവളുടെ പ്രതികാര’വും പ്രദർശനത്തിനെത്തിയത് 1979 ഫെബ്രുവരി 16ന്
സിനിമാ ഓർമ്മ
ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങൾ ഒരേ ദിവസം റിലീസായ ചരിത്രമാണ് 1979 ഫെബ്രുവരി 16 നുള്ളത്. ‘അമൃതചുംബനം,’ ‘അവളുടെ പ്രതികാരം’ എന്നീ രണ്ട് ചിത്രങ്ങളും അന്നാണ് പ്രദർശനത്തിനെത്തിയത്. രണ്ടിന്റെയും സംവിധായകൻ പി വേണു എന്ന വേണുഗോപാലമേനോൻ. 32 ചിത്രങ്ങൾ സംവിധാനം ചെയ്ത ഇദ്ദേഹം പ്രേംനസീറിനെ നായകനാക്കിയാണ് 16 ചലച്ചിത്രങ്ങളും സംവിധാനം ചെയ്തത്.
‘പിച്ചാത്തിക്കുട്ടപ്പൻ,’ ‘വാർഡ് നമ്പർ 7’ എന്നീ ചിത്രങ്ങൾ ഉൾപ്പെടെ 4 ചിത്രങ്ങളാണ് 1979 ൽ ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ റിലീസായത്. മലയാളത്തിലെ താരനിബിഡ സിനിമകളിൽ പ്രഥമ ഗണനീയമായ ഉദ്യോഗസ്ഥ (1967) പി.വേണു സംവിധാനം ചെയ്ത ആദ്യ ചിത്രമാണ്. ‘ഉദ്യോഗസ്ഥ’യിൽ സത്യൻ, നസീർ, മധു, ഉമ്മർ, ശാരദ എന്നീ താരങ്ങളാണ് അണിനിരന്നത്. ‘പാറശ്ശാല പാച്ചൻ, പയ്യന്നൂർ പരമു’ എന്ന ഹാസ്യചിത്രത്തിന്റെ സംവിധായകനെന്ന നിലയിലും വേണു പ്രസിദ്ധനാണ്.
‘ഗായത്രി ദേവി എന്റെ അമ്മ’, ‘അദ്ധ്യായം ഒന്ന് മുതൽ’ എന്നീ സത്യൻ അന്തിക്കാട് ചിത്രങ്ങൾ പിൽക്കാലത്ത് നിർമ്മിച്ച എ രഘുനാഥ് ആണ് ‘അമൃതചുംബനം’ നിർമ്മിച്ചത്. സോമൻ, രാഘവൻ, വിധുബാല, സീമ എന്നിവരായിരുന്നു മുഖ്യ താരങ്ങൾ. ചെമ്പിൽ ജോൺ തിരക്കഥ രചിച്ച ‘അമൃതചുംബന’ത്തിന് ഗാനങ്ങളൊരുക്കിയത് യൂസഫലി-ദേവരാജൻ ടീം.
‘അവളുടെ പ്രതികാര’ത്തിൽ സുധീർ, സത്താർ, ആശാലത, പഴയ നടി പ്രവീണ, വിജയലളിത എന്നിവരായിരുന്നു മുഖ്യതാരങ്ങൾ. തിരക്കഥ സി.പി ആന്റണി. ‘കറുത്ത പൗർണ്ണമി’, ‘പട്ടാളം ജാനകി’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകാരനാണ് ഇദ്ദേഹം. കോന്നിയൂർ ഭാസ്-എംകെ അർജ്ജുനൻ ടീമിന്റെ ഗാനങ്ങൾ.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ