പത്തനംതിട്ട: പൂഴിക്കാട് ഒപ്പം താമസിച്ച സ്ത്രീയെ കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെയാണ് ബെംഗളൂരുവിൽ നിന്നാണ് പന്തളം പൊലിസ് പിടികൂടിയത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂഴിക്കാട് തച്ചിരേത്തുള്ള വാടക വീട്ടിൽ വച്ച് ഷൈജു ഒപ്പം താമസിച്ചിരുന്ന സജിതയെ തലക്കടിച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ അഞ്ച് ദിവസത്തിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം എറണാകുളത്തും പിന്നീട് ബെംഗളൂരുവിലുമാണ് ഷൈജു ഒളിവിൽ താമസിച്ചത്.
കഴിഞ്ഞ ദിവസം ഇയാൾ ബെംഗളൂരിവിലുണ്ടെന്ന് സൂചന കിട്ടിയ പൊലീസ് സംഘം അവിടെയെത്തി വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. ഇന്നലെ ആർധരാത്രിയോടെ മജിസ്റ്റിക് റെയിൽ വേ സ്റ്റേഷനിൽ നിന്ന് മംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പൊലീസിന്റെ വലയിലായത്. പന്തളത്തെത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഷൈജുവിന് മറ്റ് ചില സ്ത്രീകളുമായുണ്ടായ ബന്ധം സജിത ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
ഇതിൽ പ്രകോപിതനായാണ് ഷൈജു കമ്പവടി കൊണ്ട് സജിതയുടെ തലക്കടിച്ചത്. മരിച്ചുവെന്നുറപ്പായതോടെയാണ് ഷൈജു സ്ഥലം വിട്ടത്. നാല് വർഷം മുന്പ് ഫേസ്ബുക്കിലൂടെയാണ് ഇയാൾ കൊല്ലപ്പെട്ട സജിതയെ പരിചയപ്പെട്ടത്. രണ്ട് കൊല്ലം മുന്പ് ഒന്നിച്ച് താമസം തുടങ്ങി. മുന്പും പല തവണ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സ്ത്രീകളെ പ്രതി ലൈംഗികമായി ചൂഷണം ചെയ്യുകയും സാമ്പത്തികമായി കബളിപ്പിക്കുകയും ചെയ്തിട്ടുണ്ട്.