റിയാദ്: സൗദി അറേബ്യയിൽ ആശുപത്രിയിൽ തീപിടുത്തം. മക്ക അൽ സാഹിർ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന കിങ് അബ്‍ദുൽ അസീസ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇവിടുത്തെ മേജർ ഓപ്പറേഷൻ തീയറ്ററിൽ നിന്നാണ് തീ പടർന്നുപിടിച്ചതെന്ന് അധികൃതർ അറിയിച്ചു. പിന്നീട് അത്യാഹിത വിഭാഗത്തിലേക്കും തീ വ്യാപിച്ചു.
ഓപ്പറേഷൻ തീയറ്ററിൽ വൈദ്യുതി നിലയ്ക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിപ്പിക്കാനായി സജ്ജീകരിച്ചിരുന്ന യുപിഎസിന്റെ ബാറ്ററികൾ സൂക്ഷിച്ചിരുന്ന മുറിയിലായിരുന്നു ആദ്യം തീ പിടിച്ചത്. ഇവിടെ നിന്ന് കനത്ത പുക ഉയർന്നപ്പോൾ, തൊട്ടടുത്തുള്ള തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 23 രോഗികളെയാണ് തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയത്. എന്നാൽ തീപിടുത്തം കാരണമായി ആളപായമോ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ആശുപത്രിയിൽ അറ്റകുറ്റപ്പണികളുടെ കരാർ ലഭിച്ച കമ്പനിയിലെ ജീവനക്കാർ ബാറ്ററികൾ സൂക്ഷിച്ചിരുന്ന മുറിയിൽ പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.