മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ മെഡിക്കല്‍ ഉപകരണങ്ങള്‍ മടക്കി അയച്ചു എന്ന് പരാതി. വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് നല്‍കിയ ഡയാലിസിസ് ഉപകരണങ്ങളാണ് മടക്കിയയച്ചത്. നടപടി ആശുപത്രി മെഡിക്കല്‍ ഓഫീസറുടേതാണെന്നും അന്വേഷിക്കാന്‍ സമിതിയെ നിശ്ചയിച്ചെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
35 ലക്ഷം രൂപയുടെ ഡയാലിസിസ് യൂണിറ്റുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് നല്‍കിയിരുന്നത്. ഒരാഴ്ച മുന്‍പാണ് ഇവ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ലോറിയില്‍ ഉപകരണങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും എന്നാല്‍ അവ ആശുപത്രിയില്‍ ഇറക്കാതെ മടക്കിയയക്കുകയും ചെയ്തു. ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനാവശ്യമായ സൗകര്യം ആശുപത്രിയിലുണ്ടായിരുന്നില്ല, ഉപകരണങ്ങള്‍ പൂര്‍ണമായി എത്തിയില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരിച്ചയച്ചെന്നാണ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയോട് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞത്.
ഉപകരണങ്ങള്‍ ഇറക്കാതെ തിരിച്ചുപോയതിനു ശേഷമാണ് ഡയാലിസിസ് യൂണിറ്റുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് ലോറിയിലുണ്ടായിരുന്നതെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. അവ തിരികെക്കൊണ്ടുവന്ന് ആശുപത്രിക്ക് നല്‍കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. തിരിച്ച് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ലോറി നിലവില്‍ വടകരയിലാണുള്ളത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു.
രാഹുല്‍ ഗാന്ധിയുടെയും എ.പി. അനില്‍കുമാര്‍ എം.എല്‍.എ.യുടെയും ഫണ്ടുപയോഗിച്ച് പൂര്‍ത്തിയാക്കിയ താലൂക്ക് ആശുപത്രിയുടെ ഡയാലിസിസ് സെന്ററിലേക്കാണ് ഈ ഉപകരണങ്ങള്‍ എത്തിച്ചിരുന്നത്.