കോട്ടയം: കൈക്കുഞ്ഞുമായെത്തി കൂട്ടിക്കല്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവതിയുടെ ആത്മഹത്യ ശ്രമം. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പാറമട മൂലം ജീവിക്കാനാകുന്നില്ലെന്നാരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് 3 വയസുള്ള പെണ്‍കുഞ്ഞുമായെത്തിയ യുവതി കൂട്ടിക്കല്‍ പഞ്ചായത്ത് ഓഫീസ് മുന്‍പില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊടുങ്ങയില്‍ പ്രവര്‍ത്തിക്കുന്ന പാറമട മൂലം ജീവിക്കാനാകുന്നില്ലന്നാരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം. കൈവശമുണ്ടായിരുന്ന ജാറിലെ മണ്ണെണ്ണ തന്റെയും കുഞ്ഞിന്റെയും ദേഹമാസകലം ഒഴിച്ച ശേഷം ഇവര്‍ തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. കൂടി നിന്നവര്‍ ഇടപെട്ട് യുവതിയെ പിന്തിരിപ്പിക്കുകയായിരുന്നു.
ബോധക്ഷയമുണ്ടായ യുവതിയെ പിന്നീട് പോലീസ് എത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. കുട്ടിയുടെ നില സുരക്ഷിതമാണ്. കൊടുങ്ങയില്‍ താമസിച്ചിരുന്ന യുവതി പാറമടയുടെ പ്രവര്‍ത്തനം മൂലം നാളുകള്‍ക്ക് മുന്‍പ് വാടകയ്ക്ക് താമസം മാറിയിരുന്നു. എന്നാല്‍, വാടക വീട് ഒഴിയേണ്ടിവന്നതോടെ കൊടുങ്ങയിലെ സ്ഥലം വിറ്റ് മറ്റൊരിടത്ത് വാങ്ങുവാന്‍ ഇവര്‍ ശ്രമം നടത്തി.
സ്ഥലം പാറമടയുടെ അടുത്തായതിനാല്‍ പക്ഷേ വില്പന നടന്നില്ല. പാറമട പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ കലക്ടറേറ്റില്‍ അടക്കം പല പരാതികള്‍ നല്‍കിയെങ്കിലും അതും ഫലം കണ്ടില്ല. ഇതോടെ ഗതികെട്ടാണ് പഞ്ചായത്തോഫീസിലെത്തി ഇവര്‍ ആത്മഹത്യ ശ്രമം നടത്തിയത്.