KeralaNEWS

പാറക്കൂട്ടത്തിനിടയില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൈ കുടുങ്ങി; യുവാവിന് രക്ഷയായി ഫയര്‍ഫോഴ്‌സ്

തിരുവനന്തപുരം: പാറക്കൂട്ടത്തിനിടയില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൈ കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. തിരുവല്ലം വരമ്പത്തു വിളാകത്തില്‍ ബിനു(46)വിനെയാണ് വിഴിഞ്ഞം ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. പനത്തുറ ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

പനത്തുറ തീരത്ത് കടല്‍ ഭിത്തിയുടെ പാറക്കൂട്ടത്തിനിടയിലാണ് മൊബൈല്‍ വീണത്. സുഹൃത്തുകള്‍ക്കൊപ്പം എത്തിയ ബിനു മൊബൈല്‍ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് വലതുകൈ കൂറ്റന്‍ കരിങ്കല്ലുകള്‍ക്കിടെ കുടുങ്ങിയതെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.

Signature-ad

മൊബൈല്‍ എടുക്കാന്‍ ശ്രമിക്കവേ കൈയുടെ ചുമല്‍ ഭാഗം വരെയും പിന്നീട് ശരീരത്തിന്റെ പകുതിയോളവും കരിങ്കല്‍ കൂട്ടത്തിനിടയിലായി തലകീഴായി കിടക്കുകയായിരുന്നു ബിനു. ഇതിനെ തുടര്‍ന്നാണ് ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടിയത്.

ഏഴംഗ ഫയര്‍ ഫോഴ്‌സ് സംഘത്തിന് രക്ഷാ ദൗത്യം ശ്രമകരവും വെല്ലുവിളിയുമായിരുന്നു. പാറക്കൂട്ടം ചെറുതായി നീക്കിയും അനക്കാന്‍ ശ്രമിച്ചും ഏകദേശം ഒരു മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് യുവാവിനെ രക്ഷിച്ചത്. അപകടം നിറഞ്ഞ മേഖലയാണിതെന്നും വളരെ സൂക്ഷിച്ചു മാത്രമേ ആളുകൾ ഇവിടം സന്ദർശിക്കാവൂ എന്നും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.

Back to top button
error: