ഭുവനേശ്വർ: സന്തോഷ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പോരിനിറങ്ങിയ നിലവിലെ ചാമ്പ്യൻമാരായ കേരളത്തിന് ഞെട്ടിക്കുന്ന തോൽവി. മറുപടിയില്ലാത്ത ഒറ്റ ഗോളിന് കർണാടകയാണ് കേരളത്തെ വീഴ്ത്തിയത്.
കളി തുടങ്ങി 20ാം മിനിറ്റിൽ തന്നെ കർണാടക ഗോളടിച്ചു. ഈ ഗോൾ പ്രതിരോധിക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു. ഇതോടെ കേരളത്തിന്റെ ഗോളടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസ് മികച്ച ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രിച്ച ശേഷമാണ് പവാർ വല ചലിപ്പിച്ചത്. ഗോൾ നേടിയ ശേഷവും കർണാടക മികച്ച അവസരങ്ങൾ തുറന്നെടുത്തു. കേരളം സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം ഗോവയെ പരാജയപ്പെടുത്തിയിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. കർണാടക കഴിഞ്ഞ മത്സരത്തിൽ പഞ്ചാബുമായി 2-2ന് സമനിലയിൽ പിരിഞ്ഞാണ് കേരളത്തെ നേരിടാനിറങ്ങിയത്.
14ന് കേരളം മഹാരാഷ്ട്രയെ നേരിടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമേ സെമി ഫൈനൽ എത്താൻ കഴിയൂ. ഇനിയുള്ള മത്സരങ്ങൾ കേരളത്തിന് നിർണായകമാണ്.