ബംഗളൂരു: കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച് ദമ്പതിമാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുടുംബകോടതി ഉത്തരവ് ശരിവെച്ച് കര്‍ണാടക ഹൈക്കോടതി. അമ്മയ്ക്ക് മറ്റൊരാളുമായുള്ള ബന്ധം കാരണം കുഞ്ഞിനെ അച്ഛന്റെ സംരക്ഷണയില്‍വിട്ടുള്ള ഉത്തരവാണ് ഹൈക്കോടതിയും ശരിവെച്ചത്. മറ്റൊരു ബന്ധത്തിനാണ് അമ്മ കൂടൂതല്‍ പ്രധാന്യം നല്‍കിയതെന്നും കുട്ടിയെ അവഗണിച്ചെന്നും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.
അമ്മ കുഞ്ഞിന് യാതൊരു മുന്‍ഗണനയും നല്‍കിയില്ലെന്ന് തെളിയിക്കാന്‍ അച്ഛന് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ അമ്മയുടെ അപ്പീല്‍ ഹര്‍ജി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് പോയ അമ്മ, കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം താമസിപ്പിച്ച് വീണ്ടും ബംഗളൂരുവിലേക്ക് മടങ്ങി പുതിയ പങ്കാളിക്കൊപ്പം താമസം തുടരുകയാണ് ചെയ്തത്. കുട്ടിയുടെ ക്ഷേമത്തെക്കാളേറെ മറ്റൊരാളുമായുള്ള ബന്ധത്തിനാണ് അമ്മ കൂടുതല്‍ മുന്‍ഗണന നല്‍കിയത്. മാത്രമല്ല, അമ്മയുടെ പെരുമാറ്റവും പരുക്കനാണ്. ഭര്‍ത്താവിനോടും അദ്ദേഹത്തിന്റെ മാതാപിതാക്കളോടും മാത്രമല്ല, കൗണ്‍സിലിങ്ങിനിടെപ്പോലും യുവതി പരുക്കനായാണ് പെരുമാറിയതെന്നും പൊതുഇടത്തില്‍ ഭര്‍ത്താവുമായി വഴക്കുണ്ടാക്കിയിരുന്നതായും കോടതി പറഞ്ഞു.
വിവാഹമോചിതരായ ഡോക്ടര്‍മാരായ യുവാവും യുവതിയും 2011-ല്‍ മാട്രിമോണിയല്‍ വെബ്സൈറ്റ് വഴി പരിചയപ്പെട്ടാണ് വിവാഹിതരായത്. ആദ്യവിവാഹത്തില്‍ ഇരുവര്‍ക്കും കുട്ടികളുണ്ടായിരുന്നില്ല. 2015-ല്‍ ഡോക്ടര്‍ ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഇതിനുശേഷം ഇവരുടെ ദാമ്പത്യബന്ധത്തില്‍ ഉലച്ചിലുണ്ടായി. പ്രശ്നങ്ങള്‍ പതിവായതോടെ രണ്ടുപേരും കേസുകള്‍ നല്‍കി. ഇതിനിടെയാണ് 2018-ല്‍ കുട്ടിയുമായി അമ്മ സ്വദേശമായ ചണ്ഡീഗഢിലേക്ക് മടങ്ങിയത്. എന്നാല്‍, ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് കുഞ്ഞിന്റെ സംരക്ഷണാവകാശം തേടി കുടുംബകോടതിയെ സമീപിച്ചു. 2022 മാര്‍ച്ചില്‍ കുട്ടിയെ അച്ഛന് കൈമാറാന്‍ കുടുംബകോടതി ഉത്തരവിട്ടു. എന്നാല്‍ ഇതിനെതിരേ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് കുടുംബകോടതി ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചത്.
അതേസമയം, എല്ലാ ഞായറാഴ്ചയും കുട്ടിയെ കാണാന്‍ കോടതി അമ്മയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും രാവിലെ പത്തു മുതല്‍ ഒരുമണി വരെ കുഞ്ഞിനൊപ്പം ചിലവഴിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. വേനലവധിക്കാലത്ത് പത്തുദിവസം അമ്മയ്ക്കൊപ്പം താമസിപ്പിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.