കോട്ടയം : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശത്രുതാ മനോഭാവത്തോടെ കര്‍ഷകരെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സമരം ചെയ്യുന്ന കര്‍ഷകരെ തീവ്രവാദികളും അര്‍ബന്‍ നക്‌സലേറ്റുകളുമായി ചിത്രീകരിക്കുകയാണ് മോദിക്കൊപ്പം പിണറായി വിജയനും ചെയ്യുന്നത്.വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിയ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ ഇരു സര്‍ക്കാരുകളും അവഗണിക്കുകയാണ്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവിലും കര്‍ഷകരോടുള്ള അവഗണനയിലും പ്രതിഷേധിച്ച് ഏഴ് ഇന കാര്‍ഷികവിളകള്‍ക്കായി യുഡിഎഫ് സംസ്ഥാനത്ത് ആറ് കേന്ദ്രങ്ങളിലായി പ്രക്ഷോഭത്തിന് തുടക്കം കുറിക്കും. കര്‍ഷകരെ പാട്ടിലാക്കാന്‍ ഇന്ന് കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രി കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നിര്‍ദ്ദേശിച്ച 400 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കാന്‍ തയ്യാറാകുകയാണ് വേണ്ടതെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
കോട്ടയം തിരുനക്കരയില്‍ യു ഡി എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വന്‍ഷനും കര്‍ഷകസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബ്ബര്‍ കര്‍ഷകര്‍ക്കായി കോട്ടയത്ത് സമ്മേളനം വിളിച്ചുകൂട്ടുന്ന പിണറായി വിജയന്‍ റബ്ബര്‍ കര്‍ഷകരോടുള്ള സ്‌നേഹം ബജറ്റില്‍ കാണിച്ചില്ലെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
റബ്ബര്‍ വിലസ്ഥിരതാ ഫണ്ടില്‍ നീക്കിവെച്ച തുക പോലും കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് പറഞ്ഞെങ്കിലും ഒരു രൂപ പോലും വ്ര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. റബ്ബര്‍ റീപ്ലാന്റേഷന്‍ സബ്‌സിഡിയുടെ കാര്യത്തിലടക്കം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന സ്ഥിതിയിലേക്ക് മാറുമ്പോഴും സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണ്. വട്ടിപ്പലിശക്ക് പണം കടമെടുത്ത് നെല്‍കൃഷി ചെയ്യുന്ന കര്‍കര്‍ നെല്ലിന്റെ സംഭരണ വില കിട്ടാത്തതിനാല്‍ രണ്ടാം കൃഷി ഇറക്കാന്‍ മാര്‍ഗമില്ലാതെ പ്രതിസന്ധിയിലാണ്.ഇതോടെ നെല്‍പ്പാടങ്ങള്‍ കണ്ണീര്‍പ്പാടങ്ങളായി മാറി.
ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ച പച്ചക്കറിയുടെ വില 9 മാസമായിട്ടും കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടില്ല. പച്ചത്തേങ്ങായുടെ സംഭരണം പ്രഖ്യപിച്ചതല്ലാതെ കേരളത്തിലൊരിടത്തും നടക്കുന്നില്ല. ഇതിനെല്ലാം പുറമേയാണ് കര്‍ഷകര്‍ക്ക് കൂനിന്മേല്‍കുരുവായി ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട്. കാര്‍ഷിക മേഖലകളെ വനഭൂമിയാക്കി ചിത്രീകരിച്ച സര്‍ക്കാരിന്റെ ഭൂപടങ്ങളൊക്കെ അബന്ധപഞ്ചാംഗങ്ങളായത് കര്‍ഷകരെ കൂടുതല്‍ ആശങ്കയിലാക്കി. സമസ്തമേഖലകളിലും പ്രതിസന്ധിനേരിടുന്ന കര്‍ഷകര്‍ക്കൊപ്പം യു ഡി എഫ് ഉണ്ടെന്ന പ്രഖ്യാപനമാണ് കര്‍ഷകസംഗമം മുന്നോട്ടുവെക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ അഡ്വ.ഫില്‍സണ്‍ മാത്യൂസ് സ്വാഗതം പറഞ്ഞു. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,യുഡിഎഫ് സംസ്ഥാണ കണ്‍വീനര്‍ എം എം ഹസന്‍,മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ.സലാം, ആന്റോ ആന്റണി എം പി, എം എല്‍ എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,മോന്‍സ് ജോസഫ്,അനൂപ് ജേക്കബ്ബ്,മാണി സി കാപ്പന്‍,കുറുക്കോളി മൊയ്തീന്‍, നേതാക്കളായ പി സി തോമസ്,ജോണി നെല്ലൂര്‍,കളത്തില്‍ അബ്ദുല്ല,വി പി സജീന്ദ്രന്‍,തോമസ് ഉണ്ണിയാടന്‍,ഫ്രാന്‍സിസ് ജോര്‍ജ്,ജോയി എബ്രഹാം,കെ.സി ജോസഫ്,ജോസഫ് വാഴയ്ക്കന്‍,നാട്ടകം സുരേഷ്,ജോസി സെബാസ്റ്റ്യന്‍,രാജന്‍ ബാബു,ജി.ദേവരാജന്‍,പി.എ.സലിം,അഡ്വ.ജോണ്‍ ജോണ്‍,അസീസ് ബഡായില്‍,സജി മഞ്ഞക്കടമ്പില്‍,റ്റി സി അരൂണ്‍,എന്‍.ഐ.മത്തായി,സലിം പി മാത്യു എന്നിവര്‍ പ്രസംഗിച്ചു.