കോട്ടയം: മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം നടുറോഡിൽ വച്ച് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം മടുക്കാനി ഭാഗത്ത് കാരാട്ടിൽ വീട്ടിൽ തിലകൻ മകൻ ദീപു കുമാർ. ഇ (26), പുതുപ്പള്ളി പൊങ്ങംപാറ ഭാഗത്ത് പാറയിൽ വീട്ടിൽ തോമസ് പി.ജെ മകൻ സുബിൻ പി തോമസ് (28) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
മാങ്ങാനം സ്വദേശിയായ ഓട്ടോ ഡ്രൈവർ രാജേഷിനാണ് ഇവരുടെ മർദ്ദനമേറ്റത്. ഇയാളുടെ മകനും യുവാക്കളും തമ്മിൽ മുൻപ് അടിപിടി ഉണ്ടായിട്ടുള്ളതും, പിതാവ് യുവാക്കൾക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുള്ള വിരോധം മൂലമാണ് ഇവർ രാജേഷിനെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദന ശേഷം ബോധം നഷ്ടപ്പെട്ട ഇയാളെ യുവാക്കൾ റോഡരികിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടുകയുമായിരുന്നു. ദീപു കുമാറിന് കോട്ടയം ഈസ്റ്റ്,പാമ്പാടി, കുമരകം എന്നീ സ്റ്റേഷനുകളിലും, സുബിന് പാമ്പാടി സ്റ്റേഷനിലും അടിപിടി കേസുകൾ നിലവിലുണ്ട്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ. യു.ശ്രീജിത്ത്, എസ്.ഐ മാരായ അനുരാജ് എം.എച്ച്, സദക്കത്തുള്ള, സി.പി.ഓ മാരായ പ്രതീഷ് രാജ്, ഗ്രേസ് മത്തായി,അനൂപ്, വിപിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാജേഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.