തിരുവനന്തപുരം: എൽ.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖാപിച്ച നികുതി വര്‍ധനക്ക് പിന്നാലെ, നികുതി ബഹിഷ്‌കരണ സമരം നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത. സാധ്യമായ മേഖലയിലെല്ലാം നികുതി ബഹിഷ്‌കരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നും ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സുധാകരന്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിരുന്നു.
നികുതി ബഹിഷ്‌കരിക്കണമെന്നും നടപടി വന്നാല്‍ പാര്‍ടി സംരക്ഷിക്കുമെന്നുമാണ് സുധാകരന്‍ പറയുന്നത്. നികുതി ബഹിഷ്‌കരണം വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അതിന് സാധിക്കുന്ന മേഖലയില്‍ നികുതി ബഹിഷ്‌കരിക്കണമെന്നും സുധാകരന്‍ പറഞ്ഞു. ജനത്തിന്റെ വികാരം അതാണ്. ജനത്തിന്റെ താല്‍പര്യമാണ് പാര്‍ട്ടി താല്‍പര്യമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
എന്നാല്‍, നികുതി പിരിക്കേണ്ട എന്നത് പ്രായോഗികമായിട്ടുള്ള കാര്യമല്ലെന്നാണ് വി.ഡി സതീശന്റെ അഭിപ്രായം. പിണറായി വിജയന്‍ പാര്‍ടി സെക്രട്ടറിയായിരിക്കുമ്പോള്‍ നികുതി കൊടുക്കേണ്ട എന്ന് പറഞ്ഞിരുന്നുവെന്നും അതിനെ കളിയാക്കാന്‍ വേണ്ടിയിട്ടാണ് കെപിസിസി പ്രസിഡന്റ് അങ്ങനെ പറഞ്ഞത് എന്നുമാണ് സതീശന്റെ വിശദീകരണം. ‘ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം അത് തന്നെയാണ് പറഞ്ഞത് എന്നും നികുതി പിരിക്കേണ്ട എന്നത് പ്രായോഗികമായിട്ടുള്ള കാര്യമല്ല’ എന്നും സതീശന്‍ പറഞ്ഞു