Movie

മമ്മൂട്ടി നായകനായും മോഹൻലാൽ വില്ലനായും അഭിനയിച്ച പി.ജി വിശ്വംഭരന്റെ ‘സന്ധ്യക്ക് വിരിഞ്ഞ പൂവി’ന് ഇന്ന് 40 വയസ്സ്

സിനിമ ഓർമ്മ

പിജി വിശ്വംഭരന്റെ ‘സന്ധ്യക്ക് വിരിഞ്ഞ പൂവി’ന് 40 വയസ്സ്. 1983 ഫെബ്രുവരി 11നാണ് മമ്മൂട്ടിയുടെ ആദ്യകാല ഹിറ്റായ ഈ ചിത്രം റിലീസ് ചെയ്‌തത്‌. മോഹൻലാലിന് നെഗറ്റീവ് വേഷമായിരുന്നു. സീമയുടെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്ന്. പിആർ ശ്യാമളയുടെ നോവലിന് തോപ്പിൽ ഭാസി തിരക്കഥയെഴുതി. നിർമ്മാണം സെഞ്ച്വറി രാജു മാത്യു. ഇളയരാജായുടെ ഇമ്പമേറിയ മൂന്ന് ഗാനങ്ങൾ ചിത്രത്തിന് മുതൽക്കൂട്ടായിരുന്നു.
സീമ ജീവൻ പകർന്ന ഗൈനക്കോളജിസ്റ്റിനടുത്ത് അവളുടെ സഹോദരൻ (ശങ്കർ) വിവാഹം കഴിക്കാനിരിക്കുന്ന യുവതി ഗർഭമലസിപ്പിക്കാൻ വരുന്നത് മുതൽ ആരംഭിക്കുന്നു ചിത്രത്തിലെ നാടകീയതകൾ. ചികിത്സക്കിടെ യുവതി മരിക്കുന്നു. ഡോക്ടർ മനഃപൂർവം യുവതിയെ കൊല്ലുകയായിരുന്നെന്ന് മാധ്യമങ്ങൾ വിധിയെഴുതി. ഡോക്ടർ സസ്പെൻഷനിലായി. മരിച്ച യുവതിയുടെ ബന്ധു (മോഹൻലാൽ), കുടുംബത്തെ സഹായിക്കാനെ പേരിൽ നടത്തുന്ന ചൂഷണം അതിര് കടക്കുമ്പോൾ രക്ഷകനായി അഡ്വേക്കേറ്റ് (മമ്മൂട്ടി) എത്തുന്നു. മദിരാക്ഷി ഒരു ലഹരിയായി കൊണ്ടുനടന്നിരുന്ന അഡ്വേക്കേറ്റിന് ആ ബന്ധം പുതിയൊരു തുടക്കമായി, ഡോക്ടറിനും.

നിർമ്മാതാവ് രാജു മാത്യുവിന്റെ ബന്ധു കൊച്ചുമോൻ, സെഞ്ച്വറി ഫിലിംസ് ഏറ്റെടുക്കുന്നതിന് മുൻപായിരുന്നു ‘സന്ധ്യക്ക് വിരിഞ്ഞ പൂവി’ന്റെ നിർമ്മാണം. ‘കേൾക്കാത്ത ശബ്‌ദം’ എന്ന ചിത്രത്തിന് ശേഷം രാജു മാത്യു നിർമ്മിച്ച ഈ ചിത്രത്തിൽ കോട്ടയത്തെ രാജു മാത്യുവിന്റെ വീടും ലൊക്കേഷനായിരുന്നു.
ഒഎൻവിയുടെ മൂന്ന് ഗാനങ്ങളും (‘മിഴിയിൽ മീൻ പിടഞ്ഞു’, ‘മഞ്ഞും കുളിരും’, ‘ബുൾബുൾ മൈനേ’) ഹിറ്റായി.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: