ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി മഗുന്ദ ശ്രീനിവാസലു റെഡ്ഡിയുടെ മകന്‍ രാഘവ് മഗുന്ദ അറസ്റ്റിൽ.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമ (പിഎംഎല്‍എ) പ്രകാരമാണ് രാഘവ് മഗുന്ദയെ കസ്റ്റഡിയില്‍ എടുത്തത്. ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.
മദ്യനയ കേസുമായി ബന്ധപ്പെട്ട് ഒന്‍പതാമത്തെ അറസ്റ്റാണിത്. ഈയാഴ്ചത്തെ മൂന്നാമത്തെ അറസ്റ്റും. പഞ്ചാബ് ശിരോമണി അകാലിദള്‍ എംഎല്‍എ ദീപ് മല്‍ഹോത്രയുടെ മകന്‍ ഗൗതം മല്‍ഹോത്ര, ചാരിയറ്റ് പ്രൊഡക്ഷന്‍സ് മീഡിയ ഡയറക്ടര്‍ രാജേഷ് ജോഷി, തെലങ്കാന എംഎല്‍എയും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയുടെ മുന്‍ ഓഡിറ്റര്‍ ബുച്ചി ബാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ‘സൗത്ത് ഗ്രൂപ്പ്’ എന്ന ഒരു സംഘമാണ് ഡല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്ന് ഇഡി പറയുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എക്സൈസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിബിഐ, ഇഡി കേസുകളില്‍ പ്രതികളാണ്.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. കേസിലെ മറ്റൈാരു പ്രതിയും ഇന്തോ സ്പിരിറ്റ്സ് മദ്യക്കമ്പനി ഉടമയുമായ സമീര്‍ മഹേന്ദ്രുവുമായി കെജരിവാള്‍ വീഡിയോ കോള്‍ നടത്തിയെന്നും അഴിമതിയുടെ ഭാഗമായി ലഭിച്ച 100 കോടിയില്‍ എഴുപത് ലക്ഷം രൂപ ഗോവ തെരഞ്ഞെടുപ്പിനായി വിനിയോഗിച്ചുവെന്നുമാണ് ഇഡി കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. എന്നാല്‍ കെജരിവാളിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.