കൊല്ലം: ആത്മഹത്യ ചെയ്ത കൊല്ലം പത്തനാപുരത്തെ സാക്ഷരതാ പ്രേരക് ബിജുമോൻ കേരള ബജറ്റിന്റെ ആദ്യ ഇരയും രക്തസാക്ഷിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റിൽ ഓണറേറിയം നൽകുമെന്ന പ്രഖ്യാപനം സാക്ഷരതാ പ്രേരക്മാർ പ്രതീക്ഷിച്ചിരുന്നു. മരണത്തിന് കാരണം സർക്കാർ ആണെന്നും ബിജുമോന്റെ കുടുംബത്തിന് സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വി ഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
രണ്ടു പതിറ്റാണ്ടിലേറെ സാക്ഷരതാ പ്രേരകാണ് ബിജു മോൻ. എത്രയോ പേർക്ക് അക്ഷരത്തിൻ്റെ വെളിച്ചം പകർന്നു കൊടുത്തയാൾ. ജീവിതത്തിൻ്റെ വെളിച്ചംകെട്ട ആ നിമിഷത്തിലാകും അയാൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത്.
പത്തനാപുരത്തെ ബിജു മോൻ്റെ വീട്ടിൽ ഇന്ന് പോയിരുന്നു. 6 മാസത്തിലധികം കുടിശികയായ സർക്കാർ ഓണറേറിയം കിട്ടിയിട്ട് അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാത്തിരുന്ന മകനായിരുന്നു അയാൾ. പച്ചക്കറി വാങ്ങാൻ പോലും പണമില്ലാതെ നിസഹായാവസ്ഥയിലായിപ്പോയ കുടുംബനാഥൻ. ബിജു മോന്റേത് ആത്മഹത്യയല്ല ഭരണകൂട കൊലപാതകമാണ്.
സ്വന്തം ജോലിയിൽ അങ്ങേയറ്റം അത്മാർത്ഥതയുള്ള ആളായിരുന്നു ബിജു മോനെന്നതിന് തെളിവ് രാഷ്ട്രപതി നൽകിയ പുരസ്കാരമാണ്. ഇനി ചർച്ചകൾക്കോ കൂടിയാലോചനകൾക്കോ പ്രസക്തിയില്ല. പ്രേരക്മാരുടെ ഓണറേറിയം കുടിശിക ഉടൻ നൽകണം. ഇനിയും രക്തസാക്ഷികളെ സൃഷ്ടിക്കരുത്.
ബിജു മോൻ്റെ വീട്ടിൽ നിന്നും മടങ്ങവെ അദ്ദേഹം പണ്ട് പാടിയ പട്ടുകളിൽ ഒരെണ്ണം അവിചാരിതമായി കണ്ടു. അദ്ദേഹത്തിൻ്റെ സംഗീതവും ചിരിയും കേരളീയ സമൂഹത്തെയാകെ പൊള്ളിക്കുന്നുണ്ട്.
കഴിഞ്ഞ ഇരുപത് വർഷമായി സാക്ഷരതാ പ്രേരകായി ജോലി ചെയ്ത് വരികയായിരുന്ന ബിജുമോനെ കഴിഞ്ഞ ദിവസം രാവിലെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനാപുരം ബ്ലോക്ക് നോഡൽ പ്രേരകാണ് ബിജുമോൻ. മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയിട്ടുണ്ട്. ശമ്പളം കിട്ടാത്തതിനെത്തുർന്ന് 49 കാരനായ ബിജുമോൻ കടുത്ത മനോവിഷമത്തിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്നും ബിജുമോൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി കഴിഞ്ഞ മാർച്ച് 31ന് ഉത്തരവിറങ്ങിയിരുന്നെങ്കിലും നടപ്പായില്ല. ഇതേത്തുടർന്നാണ് ഇവരുടെ ശമ്പളം മുടങ്ങിയത്. കഴിഞ്ഞ 80 ദിവസമായി കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത് വരികയാണ്. സംസ്ഥാനത്തെ 1714 പ്രേരക്മാർ ബിജുമോനെ പോലെ സമാന പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെന്ന് സംഘടന പ്രതിനിധികൾ പറയുന്നു. അവിവാഹിതനാണ് മരിച്ച ബിജുമോൻ. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.