KeralaNEWS

ജീവനക്കാരുടെ കൂട്ട അവധി; തഹസിൽദാരോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിൽ ജീവനക്കാര്‍ കൂട്ട അവധി എടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തില്‍ തഹസിൽദാരോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യർ. ഓഫീസിൽ ഹാജരാക്കാത്ത മുഴുവൻ ജീവനക്കാരുടെയും വിശദ വിവരങ്ങള്‍ അടിയന്തരമായി നൽകാൻ ജില്ലാ കളക്ടര്‍ നിർദേശം നല്‍കി.

63 ജീവനക്കാരുള്ള ഓഫീസിൽ ഇന്ന്  21 പേർ മാത്രമാണ് ഹാജരായത്. ഓഫീസിലെത്തിയ എംഎൽഎ കെ യു ജനീഷ്കുമാർ അവധിയിലുള്ള തഹസിൽദാറോട് ഫോണിൽ ക്ഷുഭിതനായി. കിലോമീറ്ററുകൾ അകലയുള്ള ഗവി മുതൽ വാഹനസൗകര്യങ്ങൾ പോലുമില്ലാത്ത മലയോര ഗ്രാമങ്ങളിൽ നിന്നടക്കം നൂറുകണക്കിന് ആളുകൾ എത്തുമ്പോള്‍ റവന്യു ഓഫീസില്‍ ഉദ്യോഗസ്ഥരില്ല. കോന്നി തഹസിൽദാർ എൽ കുഞ്ഞച്ചൻ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരാണ് അവധിയിലുള്ളത്. 63 ജീവനക്കാരിൽ 42 പേരാണ് ഓഫീസിലില്ലാത്തത്. ഇതിൽ അവധി അപക്ഷ നൽകിയവർ ഇരുപത് പേർ മാത്രമാണ്. 22 ജീവനക്കാർ അവധിയെടുത്തിട്ടുള്ളത് അനധികൃതമായിട്ടാണെന്ന് വ്യക്തം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ റവന്യു മന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകി.

Signature-ad

നാളെയും മറ്റെന്നാളും അവധിയായതിനാൽ ഇന്ന് കൂടി അവധിയെടുത്ത് മൂന്ന് ദിവസം മൂന്നാറിലേക്കാണ് ഉദ്യോഗസ്ഥർ ഉല്ലാസയാത്ര പോയത്. ജീവനക്കാരില്ലാത്തത് വാർത്തയായതോടയാണ് കോന്നി എംഎൽഎ കെയു ജനീഷ്കുമാർ താലൂക്ക് ഓഫീസിലെത്തിയത്. എംഎൽഎ മൂൻകൂട്ടി വിളിച്ച റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിൽ എത്താൻ കഴിയില്ലെന്നറിയച്ചിട്ടാണ് തഹസിൽദാർ അവധിയെടുത്തത്. ഉദ്യോഗസ്ഥർക്കെതിരെ എംഎൽഎ റവന്യു മന്ത്രിക്ക് രേഖാമൂലം പരാതി നൽകി. റവന്യു മന്ത്രി കെ രാജൻ അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കളക്ടറോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ജില്ലാ കളക്ർ ദിവ്യ എസ്. അയ്യർ തഹസിൽദാരോട് വിശദീകരണം തേടിയത്. താലൂക്ക് ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

Back to top button
error: