തലശ്ശേരി: സിനിമയിലും സീരിയലിലും അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി മൂന്നുലക്ഷംരൂപ തട്ടിയെടുത്തതായി പരാതി. അഴിയൂർ സ്വദേശിക്കെതിരേയാണ് കർണാടക കുന്താപുരം സ്വദേശിനി സുഭാഷിണി ചോമ്പാല പോലീസിൽ പരാതി നൽകിയത്.
നീതി ലഭിക്കുംവരെ പണം വാങ്ങിയ ആളുടെ വീടിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് സുഭാഷിണി പത്രസമ്മേളനത്തിൽ പറഞ്ഞു. 2019-ലാണ് ഇയാൾ പണം വാങ്ങിയത്. അഭിനയിക്കാൻ അവസരം നൽകാത്തതിനെത്തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ ചെക്ക് നൽകിയെങ്കിലും അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങിയെന്നും സുഭാഷിണി പറഞ്ഞു. പിന്നീട് കോവിഡ് കാരണം ഇവിടേക്ക് വരാൻ കഴിഞ്ഞില്ല. നമ്പർ ബ്ലോക്ക് ചെയ്തതിനാൽ ഇയാളെ ഇപ്പോൾ ബന്ധപ്പെടാനും സാധിക്കുന്നില്ല. ചൊവ്വാഴ്ചയാണ് ചോമ്പാല പോലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ചിട്ടുണ്ടെന്നും പക്ഷേ കേസ് രജിസ്റ്റർചെയ്തിട്ടില്ലെന്നും ചോമ്പാല പോലീസ് പറഞ്ഞു.