KeralaNEWS

4 ലക്ഷം തൊഴിലവസരം, പുനർഗേഹം വഴി 400 ഫ്ളാറ്റുകൾ കൂടി: സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിക്ക് നാളെ തുടക്കം; ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 40 ലക്ഷമെന്നത് അസംബന്ധമെന്നും മുഖ്യമന്ത്രി

   രണ്ടാം പിറണായി സര്‍ക്കാരിന്റെ മൂന്നാമത്തെ നൂറു ദിന കര്‍മ്മപരിപാടി നാളെ ആരംഭിക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 10 മുതല്‍ 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും. ആകെ 1284 പ്രോജക്റ്റുകള്‍ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തി. 15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും നൂറുദിന പരിപാടിയിലൂടെ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരണം, കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കാന്‍ സംവിധാനം, പച്ചക്കറി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാൻ അത്യുല്‍പ്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉല്‍പ്പാദനവും വിതരണവും, റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വയനാട് സെന്റര്‍ ഓഫ് എക്‌സലന്‍സ് നടപ്പിലാക്കല്‍, സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 500 ഏക്കര്‍ തരിശുഭൂമിയില്‍ ഏഴ് ജില്ലകളില്‍ ഒരു ജില്ലക്ക് ഒരു വിള അനുയോജ്യമായ പദ്ധതി നടപ്പാക്കല്‍, ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ഏകജാലക അനുമതി സംവിധാനം തുടങ്ങിയവ നൂറുദിന പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുട്ടത്തറയിൽ പുനർഗേഹം പദ്ധതി വഴി നിർമ്മിക്കുന്ന ഭവനസമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി കൊണ്ടാണ് 100  ദിന കർമ്മ പരിപാടിക്ക് നാളെ തുടക്കം കുറിക്കുന്നത്.  മുട്ടത്തറയില്‍ ക്ഷീരവികസന വകുപ്പിന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 8 ഏക്കര്‍ ഭൂമി ലഭ്യമാക്കി അതില്‍ 400 ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാൻ 81 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതിന്റെ ശിലാസ്ഥാപനമാണ് നടക്കുന്നത്. ഒന്നരവർഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു ഭവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും.

കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും സുരക്ഷിത മേഖലയില്‍ ഭവനമൊരുക്കാനെന്ന ഉദ്ദേശത്തോടെ ആണ് 2450 കോടി രൂപയുടെ ‘പുനര്‍ഗേഹം’ പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടത്. ഈ പദ്ധതി പ്രകാരം ഗുണഭോക്താവ് ഭൂമി വാങ്ങി ഭവനം നിര്‍മ്മിക്കുകയാണെങ്കില്‍ 10 ലക്ഷം രൂപ ധനസഹായം ലഭിക്കും. കൂടാതെ ഭൂമി ഏറ്റെടുത്ത് ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിച്ചുള്ള പുനരധിവാസവും നടത്തിവരുന്നു.

പുനർഗേഹം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളി മേഖലയിലെ പാർപ്പിട പ്രശ്നത്തിനു ശാശ്വതമായ പരിഹാരമെന്ന  ലക്ഷ്യം നിറവേറാൻ ഒരുമിച്ചു മുന്നോട്ടു നീങ്ങാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 390 ഫ്ളാറ്റുകളും 1931 വ്യക്തിഗത ഭവനങ്ങളും ഉള്‍പ്പെടെ 2322 കുടുംബങ്ങളെ ഇതുവരെ പുനരധിവസിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 1184 ഫ്ളാറ്റുകളും 1361 ഭവനങ്ങളും നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുമാണ്.

ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 40 ലക്ഷം രൂപ ചെലവഴിച്ചു എന്നതുപോലുള്ള അസംബന്ധ പ്രചാരണം ഭൂലോകത്തുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പത്ര സമ്മേളത്തിനിടയിൽ ചൂണ്ടിക്കാട്ടി. കാലിത്തൊഴുത്തില്‍ പാട്ടുവെക്കുമെന്നാണ് ആദ്യം ഒരുകൂട്ടര്‍ പറഞ്ഞത്. വിമര്‍ശനം വന്നതോടെ പാട്ട് ഒഴിവാക്കിയെന്നും പറഞ്ഞു. എന്തെല്ലാം പ്രചാരണമാണ് നാട്ടില്‍ നടക്കുന്നതെന്നും ഇത്തരം തെറ്റായ പ്രചാരണം എവിടെവരെയെത്തിയെന്ന് ആലോചിച്ചുപോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ലിഫ് ഹൗസിന്റെ റോഡരികിലെ മതില്‍ ഇടിഞ്ഞപ്പോഴാണ് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചതും തുക അനുവദിച്ചതുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. താനല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് കണക്ക് തയ്യാറാക്കുന്നതെന്നും ഇതിനേക്കുറിച്ചുള്ള പ്രതിപക്ഷ വിമര്‍ശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.

Back to top button
error: