Movie

തോപ്പിൽ ഭാസി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത തകഴിയുടെ ‘ഏണിപ്പടികൾ’ക്ക് ഇന്ന് 50

സിനിമ ഓർമ്മ

കെ.പി.എ.സി നിർമ്മിച്ച തകഴിയുടെ ‘ഏണിപ്പടികൾ’ക്ക് 50 വയസ്സ്. 1973 ഫെബ്രുവരി 9 നാണ് തോപ്പിൽ ഭാസി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘ഏണിപ്പടികൾ’ റിലീസ് ചെയ്‌തത്‌. തകഴിയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരം എന്നത് പോലെ മാധുരിയുടെ ‘പ്രാണനാഥനെനിക്കു നൽകിയ’ എന്ന ഗാനം കൊണ്ടും സമരണീയമാണ് ‘ഏണിപ്പടികൾ’. നോവൽ 1965 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.

ഇന്ത്യയുടെ സ്വാതത്ര്യ പ്രാപ്‌തിയോട്‌ ചേർന്ന രണ്ട് ദശവർഷക്കാലത്ത്, പഴയ തിരുവിതാംകൂറിൽ, രാജവാഴ്‌ചയ്‌ക്കും ദിവാൻ ഭരണത്തിനുമെതിരായി നടന്ന രാഷ്ട്രീയ സമരങ്ങളുടെയും ജനകീയ മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തിലാണ് കഥ. പ്രശസ്‌ത നാടകസംഘം, കേരളാ പീപ്പിൾസ് ആർട്ട്സ് ക്ളബ് ആദ്യമായി സിനിമാ നിർമ്മാണ രംഗത്തേയ്ക്ക് കടന്നത് ഈ ചിത്രത്തിലൂടെയാണ്. നിർമ്മാണ നിർവ്വഹണം: കാമ്പിശ്ശേരി കരുണാകരൻ. മധു, ശാരദ, ജയഭാരതി എന്നിവരായിരുന്നു മുഖ്യതാരങ്ങൾ.

ഉദ്യോഗരംഗത്തെ ഏണിപ്പടികൾ കയറുന്നതിനായി സ്നേഹവും ബന്ധങ്ങളും സൗകര്യപൂർവം മറക്കുന്ന മനുഷ്യന് കാലം ഉചിതമായ മറുപടി നൽകും എന്നാണ് ‘ഏണിപ്പടികൾ’ പറഞ്ഞത്. സെക്രട്ടറിയേറ്റിൽ ഗുമസ്‌തനായി ജോലി ചെയ്യുന്ന കേശവപിള്ള (മധു) സഹപ്രവർത്തകയെ പ്രേമിക്കുന്നതിനൊപ്പം (ചീഫ് സെക്രട്ടറിയുടെ അടുത്ത ബന്ധുവാണവൾ) നാട്ടിൽ മുറപ്പെണ്ണിനെ ഒഴിവാക്കി ‘മെച്ചമുള്ള’ കുടുബത്തിൽ നിന്നും വിവാഹം കഴിക്കുന്നു. ഉത്തരവാദ ഭരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭണത്തെ ആയുധശക്തി ഉപയോഗിച്ച് അടിച്ചമർത്തണമെന്ന കേശവപിള്ളയുടെ നിലപാട് അയാളെ ഉദ്യോഗരംഗത്ത് ഏണിപ്പടികൾ കയറ്റി. പക്ഷെ അയാളുടെ വ്യക്തിജീവിതം തകരാറിലാക്കും വിധം അയാളുടെ സ്വകാര്യ ആർത്തികളും പടികൾ കയറി. സെക്രട്ടറിയേറ്റിലെ പഴയ സഹപ്രവർത്തകയിൽ അയാൾക്ക് ജനിച്ച ജാരസന്തതിയെ അയാളുടെ ഭാര്യക്ക് സ്വീകരിക്കേണ്ടി വരുന്നു.

വയലാർ-ദേവരാജന്മാർ ഒരുക്കിയ ഏഴ് പാട്ടുകളിൽ ‘ഒന്നാം മാനം പൂമാനം’ സർവ്വകാലഹിറ്റായി. ഇരയിമ്മൻ തമ്പി രചിച്ച ‘പ്രാണനാഥ’ന് ദേവരാജൻ നൽകിയ ഈണം ആസ്വാദകർക്ക് അമൃതായി. ‘പ്രാണനാഥൻ’ ഓൾ ഇന്ത്യാ റേഡിയോ നിരോധിച്ചിരുന്നു.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: