
പത്തനംതിട്ട: കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതി പിടിയിൽ. കല്ലട പദ്ധതി കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് പ്രതി പിടിയിലായത്. കൊല്ലപ്പെട്ട അനന്തുവിന്റെ അയൽവാസിയും കലഞ്ഞൂർ കടുത്ത സ്വദേശിയുമായ ശ്രീകുമാർ ആണ് പിടിയിലായത്. ഇയാളുടെ ഭാര്യയും അനന്തുവും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് അനന്തുവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കല്ലട കനാലിൽ 28 കാരനായ അനന്തുവിന്റെ മൃതദേഹം കണ്ടെത്തുന്നത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് അനന്തുവിനെ കാണാതാകുന്നത്. മൂന്നാം ദിവസമാണ് കല്ലടയാറിന്റെ കനാലിൽനിന്ന് അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുഖത്തും തലയ്ക്ക് പിന്നിലും പരിക്കുകളുണ്ടായിരുന്നു. തലയ്ക്ക് പിന്നിൽ വെട്ടേറ്റ മുറിവുകളുണ്ടായിരുന്നതും പൊലീസിന് കൊലപാതകമാണെന്ന സംശയം വർധിപ്പിച്ചു. മൃതദേഹം കണ്ടെത്തിയ കനാലിന് സമീപത്തെ പറമ്പിൽ രക്തക്കറകളും കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചതോടെ പ്രതിയ്ക്കായുടെ അന്വേഷണം ഊർജിതമാക്കി. അനന്തുവിനു ലഭിച്ച ഫോൺകോളുകൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു. കൊല്ലപ്പെട്ട യുവാവുമായി ശത്രുതയുള്ളവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.





