മുത്തൂറ്റ് ഫിനാന്‍സിന്‍റെ സെക്യേര്‍ഡ് റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡി) 30-ാമത് സീരീസ് ഫെബ്രുവരി എട്ട് മുതല്‍ മാര്‍ച്ച് മൂന്നു വരെ വിതരണം നടത്തും. ആയിരം രൂപ മുഖവിലയുള്ള ഈ എന്‍.സി.ഡികള്‍ വഴി 500 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. 100 കോടി രൂപയാണ് ഇഷ്യുവിന്‍റെ അടിസ്ഥാന തുക. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 400 കോടി കൂടി കൈവശം വെക്കാനുള്ള അവകാശത്തോടെയാണ് 500 കോടി രൂപ സമാഹരിക്കാനാവുക.
ഐസിആര്‍എ എഎ പ്ലസ് സ്റ്റേബിള്‍ റേറ്റിങാണ് ഇതിനു നല്‍കിയിട്ടുള്ളത്. സാമ്പത്തിക ബാധ്യതകള്‍ക്കു സമയത്തു സേവനം നല്‍കുന്ന കാര്യത്തില്‍ ഉയര്‍ന്ന സുരക്ഷിതത്വമാണ് ഈ റേറ്റിങിലൂടെ സൂചിപ്പിക്കുന്നത്. എന്‍സിഡികള്‍ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. വ്യക്തിഗത നിക്ഷേപകര്‍ക്ക് 8.25 ശതമാനം മുതല്‍ 8.60 ശതമാനം വരെ വിവിധ പലിശ നിരക്കുകള്‍ ലഭിക്കുന്ന ഏഴു നിക്ഷേപ തെരഞ്ഞെടുപ്പുകളാണ് ലഭ്യമായിട്ടുള്ളത്.
റിസര്‍വ് ബാങ്കിന്‍റെ അടുത്ത കാലത്തെ പലിശ നിരക്കു വര്‍ധനവുകളുടെ പശ്ചാത്തലത്തില്‍ തങ്ങള്‍ 30-ാമത് എന്‍സിഡി ഇഷ്യുവിന്‍റെ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. എഎ പ്ലസ് സ്റ്റേബിള്‍ നിരക്കുകള്‍ പരിഗണിക്കുമ്പോള്‍ വളരെ ആകര്‍ഷകമായ നിരക്കുകളാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.