Movie

എസ്.എൽ പുരം തിരക്കഥയെഴുതി പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘എയർഹോസ്റ്റസ്’ എത്തിയിട്ട് ഇന്ന് 43 വർഷം

സിനിമ ഓർമ്മ

   പ്രേംനസീറിന്റെ ‘എയർഹോസ്റ്റസ്’ റിലീസ് ചെയ്‌തിട്ട് 43 വർഷം. 1980 ഫെബ്രുവരി 8 ന് തീയേറ്ററുകളിലെത്തിയ ഈ ചിത്രം സംവിധാനം ചെയ്‌തത്‌ പി ചന്ദ്രകുമാർ. എയർഹോസ്റ്റസായി ഹിന്ദി നടി രജനി ശർമ്മ വേഷമിട്ടു. മറ്റ് മുഖ്യതാരങ്ങൾ ജോസ്പ്രകാശ്, മീന, ലാലു അലക്‌സ്. ഗുൽഷൻ നന്ദയുടെ കഥയ്ക്ക് എസ്.എൽ പുരം തിരക്കഥയെഴുതി. ഒ.എൻ.വി- സലീൽ ചൗധരി ടീം ഒരുക്കിയ രണ്ട് ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി (ഒന്നാനാം കുന്നിന്മേൽ, ഉണരൂ ഉഷാദേവതേ). നിർമ്മാണം ഐസക് ജേക്കബ്. സഹസംവിധാനം സത്യൻ അന്തിക്കാട്.

കോടീശ്വരനും (നസീർ) രണ്ട് മക്കളും അവരെ ആകസ്മികമായി പരിചയപ്പെടുന്ന എയർഹോസ്റ്റസും ഒന്നാനാം കുന്നിൽ പാടി ആഘോഷമായി പോകുന്നു. കഥ മുന്നോട്ട് നീങ്ങുമ്പോൾ ജയിൽശിക്ഷ അനുഭവിക്കുന്ന ഒരു സ്ത്രീയെ കാണാം. ഫ്ളാഷ്ബാക്കിൽ കഥയിങ്ങനെ: കുട്ടികളുടെ യഥാർത്ഥ അമ്മയാണ് ജയിൽപ്പുള്ളി. കോടീശ്വരന്റെ ചേട്ടന്റെ മക്കളാണ് അവർ. കോടീശ്വരനെ കൊല്ലാനായി കൊടുത്ത വിഷം മാറിക്കുടിച്ച് ചേട്ടൻ കൊല്ലപ്പെട്ടു. അമ്മ ജയിലിൽ. മക്കളെ കോടീശ്വരൻ എടുത്ത് വളർത്തിയതാണ്. ഒടുവിൽ രോഗിയായി അമ്മ മരിച്ചതോടെ തെറ്റിദ്ധാരണ മാറിയ എയർഹോസ്റ്റസ് കോടീശ്വരന്റെയും മക്കളുടെയും ജീവിതത്തോട് ചേരുന്നു.
നടി രജനി ശർമ്മ മലയാളത്തിൽ ‘ഹൃദയം പാടുന്നു’ എന്നൊരു ചിത്രത്തിലും അഭിനയിച്ചു. താമസിയാതെ രംഗം വിട്ടു.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: