NEWSPravasi

സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണത്തിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ

അബുദാബി: യുഎഇയിലെ സ്വകാര്യ കമ്പനികൾക്ക് ബാധകമായ സ്വദേശിവത്കരണ നടപടികൾക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിട്ടു. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്. ഇതനുസരിച്ച് വാർഷിക സ്വദേശിവത്കരണ ടാർഗറ്റായ രണ്ട് ശതമാനത്തിന്റെ പകുതി വീതം ഓരോ അർദ്ധവർഷത്തിലും പൂർത്തിയാക്കണം.

2023ലെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ ഒരു ശതമാനം സ്വദേശിവത്കരണവും രണ്ടാം പകുതിയിൽ അടുത്ത ഒരു ശതമാനം സ്വദേശിവത്കരണവുമാണ് പൂർത്തിയാക്കേണ്ടത്. കഴിഞ്ഞ വർഷം കൊണ്ടുവന്ന ഫെഡറൽ നിയമം അനുസരിച്ച് 2022 മുതൽ വിദഗ്ധ തൊഴിലുകളിൽ ഓരോ വർഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണമാണ് നടപ്പാക്കേണ്ടത്. ഇങ്ങനെ 2026 ആവുമ്പോഴേക്ക് ആകെ പത്ത് ശതമാനത്തിലേക്ക് സ്വദേശിവത്കരണ തോത് എത്തിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

Signature-ad

2022ൽ രണ്ട് ശതമാനം സ്വദേശിവത്കരണം പൂർത്തീകരിക്കാത്ത സ്ഥാപനങ്ങളിൽ നിന്ന് 400 ദശലക്ഷത്തോളം ദിർഹമാണ് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പിഴയായി ഈടാക്കിയത്. രാജ്യത്തെ ആകെ സ്വകാര്യ കമ്പനികളിൽ 9293 സ്ഥാപനങ്ങളും സ്വദേശിവത്കരണ ടാർഗറ്റ് പൂർത്തീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം അര ലക്ഷത്തിലധികം സ്വദേശികൾ ഇപ്പോൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.

സ്വകാര്യ മേഖലയിലെ സ്വദേശികൾക്കുള്ള സർക്കാർ സഹായ പദ്ധതിയായ നാഫിസ് പ്രഖ്യാപിച്ച ശേഷമാണ് ഇവരിൽ 28,700 സ്വദേശികളും ജോലിയിൽ പ്രവേശിച്ചത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2022ൽ 70 ശതമാനം വർദ്ധിച്ചുവെന്നാണ് കണക്കുകൾ. നാഫിസ് പദ്ധതിയിൽ കൃത്രിമം കാണിച്ചതിനും സ്വദേശികൾക്ക് യുഎഇ സർക്കാർ പ്രഖ്യാപിച്ച നാഫിസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചതിനും ഏതാനും കമ്പനികൾ നടപടികളും നേരിട്ടു. ചില സ്ഥാപന ഉടമകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

Back to top button
error: