CrimeNEWS

തളർവാതം പിടിച്ച പിതാവ് കിടക്കയിൽ മൂത്രമൊഴിച്ചു; കഴുത്തുഞെരിച്ചു കൊന്ന മകൻ അറസ്റ്റിൽ, വഴിത്തിരിവായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ന്യൂഡല്‍ഹി: കിടക്കയിൽ മൂത്രമൊഴിച്ചതിന്, തളര്‍വാതം പിടിപെട്ട അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ 20 വയസുകാരനായ മകൻ അറസ്റ്റില്‍. അച്ഛനെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. ഡല്‍ഹിയിലെ ആനന്ദ് പര്‍ബത്ത് മേഖലയിലാണ് സംഭവം. സുമിത് ശര്‍മ്മയാണ് അച്ഛന്‍ ജിതേന്ദ്ര ശര്‍മ്മയെ കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് അറസ്റ്റിൽ വഴിത്തിരിവായത്.

ജിതേന്ദ്ര ശര്‍മ്മ മരിച്ചതായുള്ള വിവരം ലഭിച്ച് വീട്ടില്‍ എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയിലാണ് കണ്ടത് എന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് മകന്‍ പിടിയിലായത്.

Signature-ad

സംഭവദിവസം അച്ഛനും മകനും അയല്‍വാസിക്കൊപ്പം വൈകീട്ട് ആറര വരെ മദ്യപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആദ്യം അയല്‍വാസിയാണ് അച്ഛനെ കൊന്നത് എന്നാണ് സുമിത് ശര്‍മ്മ മൊഴി നല്‍കിയത്. മൊഴിയില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതിലാണ് സുമിത് ശര്‍മ്മ കുറ്റസമ്മതം നടത്തിയത് എന്ന് പൊലീസ് പറയുന്നു.

അച്ഛന് തളര്‍വാതം പിടിപെട്ടതായും ഒറ്റയ്ക്കാണ് ജിതേന്ദ്ര ശര്‍മ്മയുടെ കാര്യങ്ങള്‍ നോക്കിയിരുന്നതെന്നും മകന്‍ മൊഴി നല്‍കി. സംഭവദിവസം രാവിലെ മുതല്‍ അച്ഛനൊപ്പം മദ്യപിച്ചു. വൈകീട്ട് അച്ഛന്‍ കിടക്കയില്‍ മൂത്രം ഒഴിച്ചു. ഇതില്‍ രോഷാകുലനായ താന്‍ അച്ഛനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും മകന്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജിതേന്ദ്ര ശര്‍മ്മയുമായി ഭാര്യ വേര്‍പിരിഞ്ഞിരുന്നു. മദ്യപിച്ച് ഭാര്യയെ ജിതേന്ദ്ര ശര്‍മ്മ തല്ലുമായിരുന്നു. സഹിക്കാന്‍ വയ്യാതെയാണ് ഭാര്യ ബന്ധം ഉപേക്ഷിച്ച് പോയതെന്നും പൊലീസ് പറയുന്നു. ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ജിതേന്ദ്ര ശര്‍മ്മ പിന്നീട് ഓട്ടോ ഡ്രൈവറായി. 2020ലാണ് ജിതേന്ദ്ര ശര്‍മ്മയ്ക്ക് തളര്‍വാതം പിടിപെട്ടതെന്നും പൊലീസ് പറയുന്നു.

Back to top button
error: