കൊട്ടിയൂർ പാലുകാച്ചിയിൽ വന്യമൃഗം പശുകിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചു. വന്യജീവിക്കായി വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ രണ്ട് പുലികളുടെ ദൃശ്യങ്ങൾ പതിഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് നടാൻകണ്ടത്തിൽ കുഞ്ഞുമോന്റെ രണ്ടു വയസ് പ്രായമുള്ള കിടാവിനെ വന്യമൃഗം കടിച്ചുകൊന്ന് ഭക്ഷിച്ചത്. കൊട്ടിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പെടുന്ന പാലുകാച്ചി മലയിലായിരുന്നു സംഭവം. കൃഷിയിടത്തിൽ കെട്ടിയ മൂന്ന് കിടാക്കളിൽ ഒന്നിനെയാണ് വന്യമൃഗം കൊന്നു ഭക്ഷിച്ചത്.
സ്ഥലത്തെത്തി പരിശോധന നടത്തിയ വനം വകുപ്പ് ജീവനക്കാർ വന്യജീവി പുലിയാകാനാണ് സാധ്യതയെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. കഴുത്തിലെ മുറിവിന്റെ ആഴം പരിശോധിച്ചാണ് വന്യജീവി പുലിയാകാനുള്ള സാധ്യതയെന്ന് സംശയിച്ചത്.തുടർന്ന് കിടാവിന്റെ ബാക്കി അവശിഷ്ടങ്ങൾ അവിടെ തന്നെ വയ്ക്കുകയും കാമറകൾ സ്ഥാപിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച സ്ഥലം പരിശോധിച്ചപ്പോൾ കിടാവിന്റെ മൃതാവശിഷ്ടങ്ങളിൽ കുടൽ മാത്രമായിരുന്നു കണ്ടതെങ്കിലും കാമറകളിൽ വന്യജീവിയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. വനപാലകർ നടത്തിയ തെരച്ചിലിൽ വനാതിർത്തിയോട് ചേർന്ന് പ്രദേശത്ത് ബാക്കി ഭാഗങ്ങൾ വലിച്ചുകൊണ്ടിട്ട് ഇട്ടിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. പിന്നീട് ഇവിടെ സ്ഥാപിച്ച കാമറ ഇന്നലെ പരിശോധിച്ചപ്പോഴാണ് രണ്ട്പുലികൾ അവശിഷ്ടങ്ങൾ ഭക്ഷിക്കാൻ എത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞത് കണ്ടെത്തിയത്.
കാമറയിൽ പുലികളുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെ ഉന്നതോദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ടെന്നും നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചർ സുധീർ നാരോത്ത് പറഞ്ഞു.
ആദ്യം സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിയാത്തതിൽ വനംവകുപ്പ് നടപടി ദുരൂഹമാണെന്ന തരത്തിൽ ജനങ്ങൾ പ്രതികരിച്ചിരുന്നു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചർ സുധീർ നാരോത്തിനോട് അടിയന്തര നടപടി ഉണ്ടാകണമെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.