തൃശൂര്‍: ബജറ്റില്‍ പ്രഖ്യാപിച്ച 1000 കോടി രൂപയുടെ മെയ്ക്ക് ഇന്‍ കേരള പദ്ധതിയിലൂടെ കേരള ബ്രാന്റ് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. കുപ്പിവെള്ളം ഉള്‍പ്പെടെ നിത്യോപയോഗസാധനങ്ങള്‍ക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ പല ഉല്‍പ്പന്നങ്ങളും സ്വന്തമായി ഉല്‍പ്പാദിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ബ്രാന്റ് ലക്ഷ്യമിടുന്ന വന്‍ പദ്ധതികള്‍ക്കാണ് ബജറ്റില്‍ തുക വകയിരിത്തിയത്. വ്യവസായ മേഖലയ്ക്ക് ഉണര്‍വ് പകരുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ സംരംഭകത്വ മേഖലയില്‍ പുത്തനുണര്‍വ് ലക്ഷ്യമിട്ട് നടത്തുന്ന അഗ്രോ ഫുഡ് പ്രോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മിഷന്‍ 1000 പദ്ധതിയിലൂടെ സംസ്ഥാനത്തെ മികച്ച 1000 ചെറുകിട സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് ലക്ഷം കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ സംരംഭകത്വ വര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാര്‍ച്ച് അവസാനത്തോടെ ഒന്നര ലക്ഷം പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ വ്യവസായ വകുപ്പിന് കഴിയുമെന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷവും സംരംഭക വര്‍ഷമായി ആചരിക്കും. വ്യവസായ രംഗത്ത് ഈ വര്‍ഷം 17.3 % വര്‍ധനവുണ്ടായി കേരള ചരിത്രത്തിലെ വലിയ വ്യാവസായിക വളര്‍ച്ചാ നിരക്കാണിത്. കേരളത്തിന്റെ ഈ വര്‍ഷത്തെ ഉല്‍പ്പാദന രംഗത്തെ വളര്‍ച്ചാ നിരക്ക് 18.9 % ആണ്. വലിയ നിരക്കാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മാനവിക വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലെ മുന്നേറ്റമാണ് കേരള മോഡലിന്റെ ശക്തിയെങ്കില്‍ അടിസ്ഥാന സൗകര്യ വികസനത്തിലെ അപര്യാപ്തതയും കാര്‍ഷിക, വ്യവസായ മേഖലകളിലെ സ്തംഭനാവസ്ഥയുമായിരുന്നു ദൗര്‍ബല്യം. പരിമിതി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നു. വ്യാവസായിക, കാര്‍ഷിക മേഖലകളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ അതിന്റെ ഫലമാണ്.
സംരംഭകവര്‍ഷത്തിന്റെ ഭാഗമായി 1,29,250 പുതിയ സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങി. 7825 കോടി നിക്ഷേപമുണ്ടായി. 278201 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഒരു വര്‍ഷം ശരാശരി 10,000 പുതിയ സംരംഭങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചത് തൃശൂര്‍ ജില്ലയിലാണെന്നും ചൂണ്ടിക്കാട്ടി. കലക്ടര്‍ ഹരിത വി. കുമാറിന്റെ നേതൃത്വത്തിലുള്ള ഏകോപനവും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ. കൃപകുമാറിന്റെ നേതൃത്വത്തിലുള്ള മികച്ച സംഘാടനവുമാണ് ഇതിന് വഴിയൊരുക്കിയതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പുതുതായി ആരംഭിച്ച സംരംഭങ്ങളില്‍ 22293 സംരംഭങ്ങള്‍ ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ടതാണ്. 1287.4 കോടി രൂപയുടെ നിക്ഷേപവും 55212 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടെന്നും മന്ത്രി രാജീവ് പറഞ്ഞു. മന്ത്രി കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, കലക്ടര്‍ ഹരിത വി. കുമാര്‍, കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ. സുധീര്‍, കിന്‍ഫ്ര എം.ഡി: സന്തോഷ് കോശി തോമസ്, എം.എസ്.എം.ഇ- ഡി.എഫ്.ഒ ഡയറക്ടര്‍ ജി.എസ്. പ്രകാശ്, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് നിസാറുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.