KeralaNEWS

ശബരി പാത യാഥാർത്ഥ്യമാകും,  റെയില്‍വേ ബജറ്റില്‍ 100 കോടി അനുവദിച്ചു; സില്‍വര്‍ലൈനില്‍ ഉടന്‍ ചർച്ചയെന്ന് കേന്ദ്ര സർക്കാർ

അങ്കമാലി- എരുമേലി ശബരിപാത സംബന്ധിച്ച് കേരളത്തിന് പ്രതീക്ഷപകർന്ന് കേന്ദ്ര സർക്കാർ. പാതയ്ക്കായി റെയില്‍വേ ബജറ്റില്‍ നൂറുകോടി രൂപ നീക്കിവെച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെ കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉടന്‍തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്നും ഇതിനായി കേരളം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

സില്‍വര്‍ലൈന്‍ പദ്ധതിക്കു വേണ്ടി കേരളം നല്‍കിയ പദ്ധതിയില്‍ കാണിച്ചിരിക്കുന്ന തുക വളരെ കുറവാണെന്നും റെയില്‍വേ മന്ത്രി പറഞ്ഞു. ഇത് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരി പദ്ധതിക്കായി കെ-റെയില്‍ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുകയും 2022 നവംബറില്‍ 3744 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കെ റെയില്‍ റെയില്‍വേയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വന്ദേ ഭാരത് ട്രെയിനുകള്‍ക്കു കൂടി സഞ്ചരിക്കാവുന്ന തരത്തില്‍ വൈദ്യുതീകരണവും സിഗ്‌നലിങ്ങും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ഉണ്ടാകുന്ന അധികച്ചെലവ് കൂടി ഉള്‍പ്പെടുത്തിയതാണ് പുതിയ എസ്റ്റിമേറ്റ്.

1997-’98 -ല്‍ അനുമതിയായ ശബരി പദ്ധതിക്കായി 550 കോടിയായിരുന്നു അന്നത്തെ എസ്റ്റിമേറ്റ്. 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ഏഴു കിലോമീറ്റര്‍ ട്രാക്കും കാലടിയിലെ റെയില്‍വേ സ്റ്റേഷനും ഒരു കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ പാലവും മാത്രമാണ് പണി പൂര്‍ത്തിയായത്. അങ്കമാലി മുതല്‍ എരുമേലി വരെ 14 സ്റ്റേഷനുകളാണുള്ളത്.

Back to top button
error: