ബി.ജെ.പി തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നു എന്നും ജനാധിപത്യം കേവലം പ്രഹസനമായി മാറിയെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. മാതൃഭൂമി അക്ഷരോത്സവത്തില്‍, ഇടത് രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തെ എങ്ങനെ മാറ്റി എന്ന വിഷയത്തെക്കുറിച്ചു സംവേദിക്കുകയായിരുന്നു അദ്ദേഹം.
നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്താതിരിക്കാന്‍ ജനവിധിയുണ്ടായി. പക്ഷെ അവയില്‍ മിക്കയിടത്തും സര്‍ക്കാര്‍ രൂപീകരിച്ചത് ബിജെപിയാണ്. പിന്നെ തിരഞ്ഞെടുപ്പിന് എന്ത് പ്രാധാന്യമാണുള്ളതെന്ന് യച്ചൂരി ചോദിച്ചു. ഉത്തര്‍പ്രദേശിലെ രാംപുരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം സമുദായത്തില്‍ പെട്ടവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. ഇതിനെയാണ് ജനാധിപത്യമെന്ന് പറയുന്നത്. ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് സമയത്ത് ഉത്തരാഖണ്ഡ് ദേവ ഭൂമിയാണെന്നും കമ്മ്യൂണിസ്റ്റുകളെപ്പോലെയുള്ള നിരീശ്വരവാദികളെ ഇവിടെ ജയിപ്പിക്കരുതെന്നും യു.പി മുഖ്യമന്ത്രി പരസ്യമായി ആഹ്വാനം ചെയ്തു;
യെച്ചൂരി ചൂണ്ടിക്കാട്ടി
രാജ്യത്തെ ചരിത്രം തിരുത്തിയെഴുതുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ചരിത്രം ചിലര്‍ക്ക് പ്രചോദനമാകുമ്പോള്‍ ചിലസമയത്ത് അത് ആയുധം കൂടിയാണ്. ചരിത്രത്തെ മാറ്റുന്നതിലൂടെ ഇന്ത്യയെ തന്നെ മാറ്റാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ചരിത്രത്തിന് പകരം മിത്തുകളെയും വിശ്വാസങ്ങളെയും ചരിത്രമെന്ന് പറഞ്ഞ് അവതരിപ്പിക്കുകയാണ്. രാജ്യത്തെല്ലായിടത്തും വിദ്വേഷ പ്രചാരണങ്ങള്‍ ശക്തമാണെന്നും കേരളത്തിലായതിനാല്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണെന്നും യെച്ചൂരി പറഞ്ഞു. ഉത്തരേന്ത്യയില്‍ പ്രാദേശിക മാധ്യമങ്ങളില്‍കൂടിയും ടി.വി ചാനലുകളില്‍ വഴിയും നിരവധി വിദ്വേഷജനകമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിനെതിരായ പോരാട്ടങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങളും പങ്കാളികളാകണമെന്നും കേരള മാധ്യമങ്ങള്‍ അവിടങ്ങളില്‍ പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങണമെന്നുമാണ് തന്റെ അഭിപ്രായമെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിവിധ കക്ഷികള്‍ ഒറ്റയ്ക്കും കൂട്ടായും പ്രക്ഷോഭങ്ങള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് അവരുടേതായ പരിപാടി നടത്തി. ജോഡോ യാത്ര ആളുകളില്‍ ചലനമുണ്ടാക്കയെന്നത് ശരിതന്നെയാണ്. പക്ഷെ അത് അവരുടെ രാഷ്ട്രീയ പരിപാടിയാണ്. എല്ലാവരെയും ചേര്‍ത്താണ് യാത്ര നടത്താന്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ അത് ആദ്യം മുതല്‍ തന്നെ പ്രഖ്യാപിക്കണമായിരുന്നു. അവര്‍ക്ക് അവരുടെ പദ്ധതികളുണ്ട്. യെച്ചൂരി പറഞ്ഞു.
നാല്പത് ശതമാനത്തോളം വരുന്ന രാജ്യത്തെ വിഭവങ്ങള്‍ സമൂഹത്തിലെ ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരിലേക്കാണ് പോകുന്നതെന്നും യെച്ചൂരി ആരോപിച്ചു. ഇന്ത്യയില്‍ നീതിയുക്തമായി തിരഞ്ഞെടുപ്പ് നടക്കുന്നില്ലെന്നും ജനപ്രതിനിധികളുടെ എണ്ണമല്ല ഒരു പാര്‍ട്ടിയുടെ ജനപ്രീതിയുടെ അളവുകോലെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഇടത് ആശയങ്ങള്‍ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുതന്നെ നിലവിലുണ്ട്. ഇന്ന് രാജ്യത്ത് സംഭവിക്കുന്ന മിക്ക സമരങ്ങളിലും ഇടത് സ്വാധീനം പ്രകടമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് തെറ്റായ ബോധ്യങ്ങളുടെ പിന്‍ബലത്തില്‍ നിരവധി ആളുകളെയാണ് ജയിലിലടച്ചിരിക്കുന്നതെന്ന് സിദ്ദിഖ് കാപ്പനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളില്‍ 0.05 ശതമാനം മാത്രമാണ് കുറ്റം തെളിയിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.