കോട്ടയം: ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് മൂലയിൽ വീട്ടിൽ ബാബു മകൻ ശംഭു എന്ന് വിളിക്കുന്ന അമൽ ബാബു (25), അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് പള്ളിപ്പറമ്പിൽ വീട്ടിൽ ജോസഫ് മകൻ അപ്പു എന്ന് വിളിക്കുന്ന അഖിൽ ജോസഫ് (28) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഈ മാസം ഒന്നാം തീയതി അതിരമ്പുഴ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെ അവിടെ പ്രവർത്തിച്ചിരുന്ന ബജി കടയിലെത്തി ബജി കഴിക്കുകയും തുടർന്ന് ടിഷ്യൂ പേപ്പർ ചോദിച്ചപ്പോൾ ടിഷ്യൂ പേപ്പർ തീർന്നുപോയി എന്ന് ബജി കടയിലെ ജീവനക്കാരന്‍ പറഞ്ഞതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് ഇയാളെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും സാഹസികമായി പിടികൂടുകയായിരുന്നു.
പ്രതികളിൽ ഒരാളായ അമൽ ബാബുവിന് ഗാന്ധിനഗർ സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അഖിൽ ജോസഫിന് ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ്, എസ്.ഐ. സിനോയ് മോൻ തോമസ് സി.പി.ഒമാരായ സെയ്‌ഫുദ്ദീൻ, ഡെന്നി പി.ജോയ്, അനൂപ്, പ്രദീപ്, പ്രവീൺ പി.നായർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.