മസ്‍കറ്റ്: ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ നിയമനടപടിയുമായി തൊഴില്‍ മന്ത്രാലയം. തൊഴില്‍ നിയമലംഘനത്തിന്‍റെ പേരിലാണ് കമ്പനിക്കെതിരെ ദാഹിറ ഗവര്‍ണറേറ്റ് കേസെടുത്തിരിക്കുന്നത്. തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 51, 53 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇനി കമ്പനിക്കെതിരെ തുടര്‍നടപടികളുമുണ്ടാകും.
സ്വകാര്യമേഖലയില്‍ തൊഴിലാളികള്‍ക്ക് ശമ്പളം വൈകിപ്പിച്ചാല്‍ പിഴയീടാക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. ഒരു തൊഴിലാളിക്ക് 100 റിയാല്‍ എന്ന രീതിയില്‍ പ്രതിമാസം പിഴ ചുമത്തുമെന്നാണ് അറിയിച്ചിരുന്നത്. വേതനം വൈകിച്ചുകൊണ്ടിരുന്നാല്‍ ഓരോ മാസവും പിഴ ഇരട്ടിയാക്കുമെന്നും അറിയിച്ചിരുന്നു.
എല്ലാ മാസവും എട്ടാം തീയതിക്ക് അകം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിരിക്കണമെന്നതാണ് നിയമം. തൊഴിലുടമകളും തൊഴിലാളികളും പരസ്പരം സമ്മതിക്കുന്ന പ്രകാരം ശമ്പളത്തീയ്യതി എട്ടില്‍ നിന്ന് നിശ്ചിതകാലയളവിലേക്ക് കൂടി വൈകിപ്പിക്കാം. കഴിഞ്ഞ വര്‍ഷം തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ച 24,000 ലേബര്‍ പരാതികളില്‍ 13,000 പരാതികളും ശമ്പളവുമായി ബന്ധപ്പെട്ട് വന്നതായിരുന്നു. അത്രമാത്രം പരാതികള്‍ ഈ വിഷയത്തില്‍ ഓരോ വര്‍ഷവും വരുന്നുണ്ട് എന്ന് സാരം.