KeralaNEWS

‘നേര്‍ക്കാഴ്ച’യ്ക്ക് സൗജന്യ കണ്ണട; ക്ഷേമ വികസന പ്രോജക്ടുകള്‍ക്കായി 100 കോടി

തിരുവനന്തപുരം: ക്ഷേമ വികസന പ്രോജക്ടുകള്‍ക്കായി 100 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ലൈഫ് മിഷന് 1436 കോടിയും, കുടുംബശ്രീക്ക് 260 കോടിയും നീക്കിവെച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി വകയിരുത്തി. എരുമേലി മാസ്റ്റര്‍ പ്ലാന്‍ 10 കോടി രൂപയും വകയിരുത്തുന്നതായി ധനമന്ത്രി പറഞ്ഞു.

നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍നിന്ന് 34 രൂപയാക്കി. കൃഷിക്കായി 971 കോടിയും നെല്‍കൃഷി വികസനത്തിനായി 95 കോടിയും വകയിരുത്തുന്നു. കാര്‍ഷിക കര്‍മസേനയ്ക്ക് 8 കോടിയും വിള ഇന്‍ഷുറന്‍സിന് 30 കോടിയും വകയിരുത്തുന്നു. അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി. ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിന് 20 കോടിയും നീക്കിവെച്ചതായി ധനമന്ത്രി പറഞ്ഞു.

നേത്രാരോഗ്യത്തിനായി ബജറ്റില്‍ അമ്പതു കോടിയുടെ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. ‘നേര്‍ക്കാഴ്ച’ എന്ന പേരിലാണ് നേത്രാരോഗ്യത്തിനുള്ള ബൃഹത് പദ്ധതി അവതരിപ്പിച്ചത്. എല്ലാവര്‍ക്കും നേത്രാരോഗ്യം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കും. കാഴ്ച വൈകല്യങ്ങള്‍ കണ്ടെത്തപ്പെടുന്നവരില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ സൗജന്യ കണ്ണടകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

നാലുവര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുക. ഇതിലൂടെ കാഴ്ച വൈകല്യങ്ങള്‍ ഉള്ള എല്ലാ വ്യക്തികള്‍ക്കും സൗജന്യ വൈദ്യോപദേശവും മരുന്നുകളും ലഭ്യമാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ വളന്റിയര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ ജനകീയ ക്യാംപയിന്‍ ആകും നടപ്പാക്കുക.

നഗരങ്ങളുടെ സൗന്ദര്യവല്‍കരണത്തിന് പ്രാഥമിക ചെലവായി 300 കോടിയും, അനെര്‍ട്ടിനായി 49 കോടിയും വകയിരുത്തി. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ അടക്കമുള്ള ചെലവുകള്‍ക്കായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 3376.88 കോടി രൂപ അനുവദിച്ച് നല്‍കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 1325.77 കോടി രൂപയാണ് ഇതിന് അനുവദിച്ചതെന്ന് ധനമന്ത്രി വ്യക്തമാക്കി.

 

Back to top button
error: