മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ നാഗ്പുരിലുൾപ്പെടെ ബിജെപിക്ക് കനത്ത തിരിച്ചടി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും തട്ടകമായ നാഗ്പൂരിലെ തിരിച്ചടിയിൽ ഞെട്ടി പാർട്ടി നേതൃത്വം. ആർഎസ്എസിന്റെ ആസ്ഥാനം കൂടിയായ നാഗ്പൂരിൽ പ്രതിപക്ഷമായ മഹാവികാസ് അഘാഡി സഖ്യത്തിനാണ് വിജയം.
നിയമസഭയുടെ ഉപരിസഭയിലെ അഞ്ച് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ചയായിരുന്നു. ഇന്നാണ് വോട്ടെണ്ണൽ നടന്നത്. അഞ്ച് കൗൺസിൽ അംഗങ്ങളുടെ ആറ് വർഷത്തെ കാലാവധി ഫെബ്രുവരി 7 ന് അവസാനിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊങ്കൺ ഡിവിഷൻ ടീച്ചേഴ്സ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ദ്യാനേശ്വർ മഹാത്രേ വിജയിച്ചു. ഇവിടെ ബിജെപി സ്ഥാനാർഥി 9000 വോട്ടുകൾക്കാണ് ജയിച്ചത്.
എന്നാൽ, നാഗ്പൂരിൽ ബിജെപി പിന്തുണ നൽകിയ സ്ഥാനാർഥിയെ എംവിഎ സ്ഥാനാർഥി തോൽപ്പിച്ചു. നാഗ്പൂരിൽ എംവിഎ പിന്തുണച്ച സ്ഥാനാർത്ഥി സുധാകർ അദ്ബലെ ബിജെപി പിന്തുണച്ച സ്വതന്ത്രനും സിറ്റിംഗ് എംഎൽസിയുമായ നാഗോറാവു ഗനാറിനെ പരാജയപ്പെടുത്തി. ഔറംഗബാദ്, അമരാവതി, നാസിക് ഡിവിഷൻ ഗ്രാജ്വേറ്റ് സെഗ്‌മെന്റുകൾ എന്നിവിടങ്ങളിൽ ഫലം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഔറംഗബാദ് അധ്യാപക മണ്ഡലത്തിൽ ആദ്യ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) സ്ഥാനാർഥി വിക്രം കാലെ ലീഡ് ചെയ്യുകയാണ്.
സംസ്ഥാന നിയമസഭയുടെ ഉപരിസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബിജെപി-ബാലാസാഹെബാഞ്ചി ശിവസേനയും (മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗം) ശിവസേനയും (ഉദ്ധവ് ബാലാസാഹേബ് താക്കറെ) ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്. ഏത് വിഭാഗത്തിനാണ് കരുത്ത് എന്ന് തെളിയിക്കാൻ ഇരു വിഭാഗത്തിനും വിജയം കൂടിയേ തീരൂ.