തിരുവനന്തപുരം: സപ്ലൈകോ ഔട്ലെറ്റുകളില്‍ ഇല്ലാത്ത താല്‍ക്കാലിക ജീവനക്കാരുടെ പേരില്‍ ശമ്പളം എഴുതിയെടുത്തു ലക്ഷങ്ങളുടെ വെട്ടിപ്പ്. പരാതി ഉയര്‍ന്നതോടെ ആഭ്യന്തര വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാന വ്യാപകമായി സമാന രീതിയില്‍ വ്യാപകമായി തട്ടിപ്പു നടന്നുവെന്നാണു കണ്ടെത്തല്‍. ഇതോടെ, തട്ടിപ്പു നടത്തിയ സപ്ലൈകോ വിതരണ കേന്ദ്രങ്ങളിലെ ജീവനക്കാരില്‍നിന്നും തുക ഇരട്ടിയായി തിരിച്ചുപിടിച്ചു തുടങ്ങി. ചെറുകിട സപ്ലൈകോ സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലുമാണ് ഇത്തരത്തില്‍ ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചുകാട്ടി പണം തട്ടിയത്. 21.13 ലക്ഷം രൂപ ഈയിനത്തില്‍ നഷ്ടപ്പെട്ടതായും ഇതില്‍ 10.42 ലക്ഷം രൂപ തട്ടിപ്പു നടത്തിയ ജീവനക്കാരില്‍നിന്ന് തിരിച്ചു പിടിച്ചതായും സപ്ലൈകോ ചെയര്‍മാനും എം.ഡിയുമായ സഞ്ജീവ് പട്‌ജോഷി പറഞ്ഞു.
ഇടുക്കിയിലെ മൂന്നാര്‍ കേന്ദ്രത്തില്‍ മാത്രം 3.86 ലക്ഷം രൂപയുടെ തിരിമറി നടന്നിട്ടുണ്ട്. പാലക്കാട്ടും കാര്യമായ തിരിമറി നടന്നിട്ടുണ്ട്. 3 വര്‍ഷമായി നടക്കുന്ന തട്ടിപ്പാണിത്. ദിവസ വേതനക്കാരായ ജീവനക്കാര്‍ക്കു ഹാജര്‍ ബുക്ക് അനുസരിച്ചുള്ള ശമ്പളം ഓരോ ഔട്ലെറ്റുകളിലെയും ഓഫീസര്‍ ഇന്‍ ചാര്‍ജ് വഴി വിതരണം ചെയ്യുന്നതായിരുന്നു സപ്ലൈകോയിലെ രീതി. ഹാജര്‍ ബുക്കില്‍ ആളുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയായിരുന്നു പണം തട്ടിയത്. ജീവനക്കാരുടെ ഹാജരും ശമ്പള വിതരണവും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കേന്ദ്രീകൃതമായി നിയന്ത്രിക്കാന്‍ തുടങ്ങിയതോടെയാണു പല ജില്ലകളിലെയും തട്ടിപ്പു കണ്ടെത്താനായത്.
ആറായിരത്തോളം ദിവസ വേതനക്കാര്‍ സപ്ലൈകോയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും രാഷ്ട്രീയ നിയമനങ്ങളുമാണ്. രാഷ്ട്രീയ സമ്മര്‍ദം കാരണമാണു സസ്‌പെന്‍ഷന്‍ പോലുള്ള കടുത്ത നടപടികളിലേക്കു നീങ്ങാതെ നഷ്ടപ്പെട്ട തുക ഇരട്ടിയായി തിരിച്ചുപിടിക്കുന്നതെന്നും പറയുന്നു.