IndiaNEWS

നിയമസഭാ തെരഞ്ഞെടുപ്പ്: മേഘാലയ മുഖ്യമന്ത്രിക്കെതിരേ മുന്‍ തീവ്രവാദി നേതാവിനെ രംഗത്തിറക്കി ബി.ജെ.പി, 60 സീറ്റിലും പോരാട്ടം ഒറ്റയ്ക്ക്

ഷില്ലോങ്: മേഘാലയയില്‍ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മയ്‌ക്കെതിരേ പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷനും മുന്‍ തീവ്രവാദി നേതാവുമായ ബെര്‍ണാഡ് എന്‍. മറാക്കിനെ രംഗത്തിറക്കി ബി.ജെ.പി. സൗത്ത് തുറ മണ്ഡലത്തിലാണ് ഇരുവരുടെയും നേർക്കുനേർ പോരാട്ടത്തിനു കളമൊരുങ്ങുന്നത്. ഇക്കുറി സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി. ഒറ്റയ്ക്കാണു മത്സരിക്കുന്നത്. 60 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും ബി.ജെ.പി. ഇന്നലെ പ്രഖ്യാപിച്ചു.

കോണ്‍റാഡ് സാങ്‌മ

കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യമായ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സില്‍ നിന്നു പിരിഞ്ഞശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ കഴിഞ്ഞ മാസം ബി.ജെ.പി. നേതൃത്വം തീരുമാനിക്കുകയായിരുന്നു. ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എമാരും അടുത്തിടെ മറ്റു പാര്‍ട്ടികളില്‍നിന്നെത്തിയ എം.എല്‍.എമാരും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പാര്‍ട്ടി സിറ്റിങ് എം.എല്‍.എമാരായ സന്‍ബോര്‍ ഷുല്ലായ്, എ.എല്‍. ഹെക് എന്നിവര്‍ യഥാക്രമം സൗത്ത് ഷില്ലോങ്, പൈന്തോരുഖ്‌റ മണ്ഡലങ്ങളില്‍ മത്സരിക്കും.

മറ്റു പാര്‍ട്ടികളില്‍നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എമാരായ എച്ച്.എം. ഷാങ്പ്ലിയാങ്, ഫെര്‍ലിന്‍ സാങ്മ, ബെനഡിക്ട് മറാക്, സാമുവല്‍ എം. സാങ്മ എന്നിവര്‍ യഥാക്രമം മൗറിന്റാം, സെല്‍സെല്ല, റാക്‌സാംഗ്രെ, ബാഗ്മാര മണ്ഡലങ്ങളില്‍ ജനവിധി തേടും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഏണസ്റ്റ് മാവ്‌റി ഇക്കുറി വെസ്റ്റ് ഷില്ലോങ് മണ്ഡലത്തിലും പാര്‍ട്ടി വക്താവ് എം.എച്ച്. ഖാര്‍ക്രാങ് നോര്‍ത്ത് ഷില്ലോങ് മണ്ഡലത്തിലും ഭാഗ്യം പരീക്ഷിക്കും.

2014-ല്‍ പിരിച്ചുവിടപ്പെട്ട തീവ്രവാദ സംഘടനയായ അച്ചിക് നാഷണല്‍ വോളന്ററി കൗണ്‍സിലില്‍(എ.എന്‍.വി.സി) ബി ഗ്രൂപ്പിന്റെ സ്വയം പ്രഖ്യാപിത ചെയര്‍മാനായിരുന്നു ബെര്‍ണാഡ് എന്‍. മറാക്. ഗാരോ ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രത്യേക സംസ്ഥാനമെന്ന ആവശ്യമുന്നയിച്ചാണ് എ.എന്‍.വി.സി. സായുധപോരാട്ടത്തിനിറങ്ങിയത്.

Back to top button
error: