
തിരുവനന്തപുരം: കരുനാഗപ്പള്ളിയില്‍ ഒരു കോടി രൂപയുടെ ലഹരിമരുന്നു പിടിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സിപിഎമ്മില്‍ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിയില്‍ ചവിട്ടുപടി കയറുന്നത് ലഹരിമരുന്നു കടത്തിലെ പണം ഉപയോഗിച്ചാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് മാത്യു കുഴല്‍ നാടന്‍ പറഞ്ഞു. ഇതോടെ, ഭരണപക്ഷം എതിര്‍പ്പുമായി രംഗത്തെത്തി.
സി.പി.എമ്മിനെക്കുറിച്ച് എന്ത് അസംബന്ധവും വിളിച്ചു പറയാനാകുമെന്നാണോ കരുതുന്നതെന്നു മുഖ്യമന്ത്രി ക്ഷുഭിതനായി ചോദിച്ചു. ”എന്തും വിളിച്ചു പറയാന്‍ കഴിയുന്ന ആളായതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി മാത്യു കുഴല്‍നാടനെ അതിനു ചുമതലപ്പെടുത്തിയിരിക്കുകയാണോ?. ഈ രീതിയിലാണോ അടിയന്തര പ്രമേയം അവതരിപ്പിക്കേണ്ടത്. എന്തിനും ഒരു അതിരു വേണം. ആ അതിരു ലംഘിക്കാന്‍ പാടില്ല”-മുഖ്യമന്ത്രി പറഞ്ഞു. മണിച്ചന്‍ കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്ക് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നു മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കുട്ടനാട്ടിലെ സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോകുന്നത് ലഹരി മാഫിയ ബന്ധങ്ങളില്‍ മനംമടുത്താണ്. സിപിഎമ്മിന്റെ രാഷ്ട്രീയ ലൈന്‍ എക്കാലവും ലഹരിമാഫിയയെ സഹായിക്കുന്നതാണ്. ലഹരി കടത്തുകാരെയും നേതാക്കളെയും സംരക്ഷിക്കാനുള്ള വാദങ്ങളാണ് എക്‌സൈസ് മന്ത്രി നടത്തുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
താനാണ് തികഞ്ഞ ഉത്തരവാദിത്തതോടെ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ മാത്യു കുഴല്‍നാടനു നിര്‍ദേശം നല്‍കിയതെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയ ബന്ധം നോക്കി പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തുകയോ നീക്കുകയോ ചെയ്യുന്നതല്ല എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രീതിയെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
മണിച്ചന്‍ കേസില്‍ പ്രതികളെ അറസ്റ്റു ചെയ്തത് സി.പി.എമ്മാണ്. മണിച്ചന്‍ തഴച്ചു വളര്‍ന്നത് കോണ്‍ഗ്രസ് കാലത്താണ്. മയക്കുമരുന്നു കേസുകളില്‍ 98.9% ശിക്ഷ നടപ്പിലാക്കാനായ സംസ്ഥാനം കേരളമാണെന്നാണ് പാര്‍ലമെന്റിലെ കണക്ക്. 2017 നുശേഷമാണ് ഈ അവസ്ഥയിലേക്കെത്തിയത്. കരുനാഗപ്പള്ളിയില്‍ ലഹരി കടത്തിയ ലോറിയുടെ ഉടമസ്ഥനു പങ്കില്ലെന്നല്ല, ഇതുവരെ തെളിവു ലഭിച്ചിട്ടില്ല എന്നാണ് വ്യക്തമാക്കിയത്. ലോറി വാടകയ്ക്കു നല്‍കിയതിന്റെ പേരില്‍ ഒരാള്‍ക്കെതിരെ കേസെടുക്കാനാകില്ല. മട്ടന്നൂരില്‍ ലീഗിന്റെ ചാരിറ്റി സെന്ററിന്റെ പേരിലുള്ള വാഹനത്തില്‍ ലഹരിമരുന്നു കടത്തി. ഡ്രൈവര്‍ ലീഗ് പ്രവര്‍ത്തകനായിരുന്നു. ഡ്രൈവറുടെ പേരില്‍ കേസെടുത്തു. അല്ലാതെ ആര്‍സി ഓണറുടെ പേരിലല്ല കേസെടുത്തതെന്നും മന്ത്രി പറഞ്ഞു.