
ബിക്കിനി വിവാദവും ഹേറ്റ് കാമ്പയിനും ഹിന്ദു സംഘടനകളുടെ ബഹിഷ്കരണ ഭീഷണിയും നൽകിയ ‘ഊർജ’ ത്തിൽ ഷാരൂഖിന്റെ പത്താൻ തിയറ്ററുകളിൽ പുതിയ വിജയഗാഥ രചിക്കുകയാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്കുള്ള ഷാരൂഖ് ഖാന്റെ ശക്തമായ തിരിച്ചു വരവു കൂടിയായിരുന്നു ചിത്രം. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായിക. ഇരുവരും ഒന്നിച്ചഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ കെമിസ്ട്രിയെ കുറിച്ച് വികാരഭരിതയായി ദീപിക സംസാരിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
പത്താൻ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് നടി വികാരഭരിതയായത്. പത്താൻ ജനങ്ങൾ ഏറ്റെടുക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. സിനിമ റിലീസ് ചെയ്ത സമയത്ത് ആരാധകർക്കൊപ്പം കാണണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അത് സാധിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചില തിയറ്ററുകളിൽ പോയി പ്രേക്ഷകരുടെ പ്രതികരണം നേരിട്ടു കണ്ടു. ഇങ്ങനെയൊരു സിനിമയ്ക്ക് ലോകമൊട്ടാകെയുള്ള ആളുകളെ ഒന്നിച്ചുകൂട്ടാൻ കഴിയുന്നു എന്നത് തന്നെ വലിയ കാര്യം. അവർക്കെല്ലാം ഈ ചിത്രത്തിലൂടെ സന്തോഷം ലഭിക്കുന്നു. ഒരു ഉത്സവം പോലെയാണ് അവർ പത്താൻ ആഘോഷിക്കുന്നതെന്നും ദീപിക പദുക്കോൺ പറഞ്ഞു.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രത്തിൽ ജോൺ ഏബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആമസോൺ പ്രൈം വിഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.