
പുല്‍പ്പള്ളി: ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് വയനാട്ടിൽ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതായി ബന്ധുക്കള്‍. ഭുതാനം നടുക്കുടിയില്‍ കൃഷ്ണന്‍കുട്ടി (70) ആണ് വിഷം കഴിച്ച് മരിച്ചത്. അവശനിലയിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ മാനന്തവാടിയിലെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൃഷ്ണന്‍കുട്ടി 2013 ല്‍ ബത്തേരി കാര്‍ഷിക വികസന ബാങ്കില്‍ നിന്നും ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടു തവണ പലിശ അടച്ചതായി ബന്ധുക്കള്‍ പറഞ്ഞു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കുകാര്‍ ജപ്തി കാര്യം അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് കൃഷ്ണന്‍കുട്ടി കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബൈരക്കുപ്പയിലെത്തി വിഷം കഴിച്ചതെന്നാണ് ബസുക്കൾ പറയുന്നത്.
2014 ല്‍ കൃഷ്ണൻ കുട്ടിയുടെ ഭാര്യ വിലാസിനിയുടെ പേരില്‍ പുല്‍പ്പള്ളി സഹകരണ ബാങ്കില്‍നിന്നു വായ്പ എടുത്തതും കുടിശ്ശികയായിട്ടുണ്ട്. ക്യാന്‍സര്‍ രോഗിയായ കൃഷ്ണന്‍കുട്ടി ഇടയ്ക്ക് ലോട്ടറി കച്ചവടം നടത്തിയിരുന്നു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ ബാങ്ക് അധികൃതര്‍ പറയുന്നത് കര്‍ക്കശമായ ജപ്തി നടപടികളോ മറ്റു നടപടികളുമായോ മുന്നോട്ടു പോയിട്ടില്ലെന്നാണ്. മക്കള്‍: മനോജ്, പ്രിയ. മരുമക്കള്‍: സന്ധ്യ, ജോയി പോള്‍.