
ഇടുക്കി: കാട്ടാന ശല്യം രൂക്ഷമായ പന്നിയാര്‍, ആനയിറങ്കല്‍ മേഖലകളില്‍ റേഷന്‍ വിതരണം തടസമില്ലാതെ നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംവിധാനം ഏര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ശാന്തന്‍പാറ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച യോഗത്തിലാണ് തീരുമാനം. ഇടുക്കി ജില്ലയിലെ വന്യജീവി അക്രമണവുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ജനുവരി 31ന് കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് ശാന്തന്‍പാറയില്‍ ബുധനാഴ്ച രാവിലെ അടിയന്തര യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.
പന്നിയാര്‍ റേഷന്‍കടയുടെ പരിസരത്തെ വൈദ്യുത ഫെന്‍സ് നിര്‍മാണം പൂര്‍ത്തിയായതായി വനംവകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ (എ.സി.എഫ്) ഷാന്‍ട്രി ടോം അറിയിച്ചു. പ്രശ്നത്തിന് ശാശ്വതപരിഹാരമായി ദുര്‍ബലമായ ഇവിടുത്തെ റേഷന്‍കട കെട്ടിടത്തിന്റെ സ്ഥാനത്ത് രണ്ട് മാസത്തിനകം എസ്‌റ്റേറ്റ് അധികൃതര്‍ 300 ചതുരശ്ര അടിയുള്ള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിച്ചു നല്‍കും. ഇതിന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത എസ്‌റ്റേറ്റ് അസി. മാനേജര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
ആന പതിവായി തകര്‍ക്കുന്ന ആനയിറങ്കലിലെ റേഷന്‍ കട കെട്ടിടത്തിന് പകരവും എസ്‌റ്റേറ്റ് അധികൃതര്‍ കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിച്ചു നല്‍കും. ആനശല്യം മൂലം റേഷന്‍വിതരണം മുടങ്ങി ആരും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇടുക്കി വികസന പാക്കേജില്‍ അനുവദിച്ചിട്ടുള്ള മൂന്ന് കോടി രൂപ ഉപയോഗപ്പെടുത്തി വന്യജീവി ശല്യം രൂക്ഷമായ ഗോത്രവര്‍ഗ പ്രദേശങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. ഏതൊക്കെയിടങ്ങളിലാണ് അവ സ്ഥാപിക്കേണ്ടതെന്ന് വനം വകുപ്പും പഞ്ചായത്തും ചേര്‍ന്ന് തീരുമാനിക്കും. നിലവില്‍ ആനയിറങ്കല്‍, പന്നിയാര്‍ റേഷന്‍കട പരിസരം അടക്കം 10 സ്ഥലങ്ങളുടെ പട്ടിക വനംവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
പ്രദേശത്ത് ആനശല്യം രൂക്ഷമായ 21.7 കിലോ മീറ്റര്‍ ഭാഗത്ത് സോളാര്‍ ഹാങ്ങിങ് ഫെന്‍സ് ഉടന്‍ സ്ഥാപിക്കും. സിങ്കുങ്കണ്ടം ചെമ്പകത്താഴുക്കുടി, 80 എക്കര്‍ കോളനി, പന്തടിക്കളം, തിഡിര്‍ നഗര്‍, ബി.എല്‍ റാം, കോഴിപ്പെന്നക്കുടി എന്നിവിടങ്ങളിലാണ് ഫെന്‍സ് സ്ഥാപിക്കുക. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക വിതരണത്തിലെ കാലതാമസം ഒഴിവാക്കാന്‍ അടിയന്തര ശ്രമങ്ങള്‍ നടത്തിവരുന്നതായും എ.സി.എഫ് യോഗത്തെ അറിയിച്ചു. ആദ്യഘഡു വിതരണം കൃത്യമായി നടക്കുന്നുണ്ടെന്നും രണ്ടാംഘഡു വിതരണത്തിലെ കാലതാമസം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നതുകൊണ്ടും ഫണ്ട് കുറവായതുമൂലവുമാണെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ്, ശാന്തന്‍പാറ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.ടി മുരുകന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ മനു റെജി, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. പി. അനില്‍കുമാര്‍, ദേവികുളം റേഞ്ച് ഓഫീസര്‍ വിജി തുടങ്ങിയർ പങ്കെടുത്തു.