നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് ബദറുദ്ദീന്‍റെ ബെഞ്ചാണ് ഹരജിയിൽ വാദം കേട്ടത്. 2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്‍റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. നാല് ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ആനക്കൊമ്പ് കേസില്‍ മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന സർക്കാർ വാദത്തിലാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്.
ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. മോഹന്‍ലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് കിട്ടുമോ എന്ന് ഹൈക്കോടതി ചോദിച്ചു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മോഹന്‍ലാലിന്‍റെ സ്ഥാനത്ത് സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇപ്പോൾ ജയിലിൽ ആകുമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.