റാഞ്ചി: ഝാര്‍ഖണ്ഡിലെ ധന്‍ബാബിദിലുള്ള ബഹുനില കെട്ടിടത്തില്‍ വന്‍തീപിടിത്തം. 14 പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിരവധി ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ധന്‍ബാദിലെ ജോറാഫകിലുള്ള ആശിര്‍വാദ് ടവര്‍ അപ്പാര്‍ട്ട്മെന്റില്‍ വൈകീട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണിത്.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ അപ്പാര്‍ട്ട്മെന്റില്‍ എത്തിയിരുന്നുവെന്ന് ധന്‍ബാദ് എസ്എസ്പി സഞ്ജീവ് കുമാര്‍ പറഞ്ഞു. ‘തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അറിവായിട്ടില്ല. ഞങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു’ അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചനം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടം കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.