CrimeNEWS

ശിഷ്യയെ പീഡിപ്പിച്ചെന്ന കേസിൽ ആൾദൈവം ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി

ഗാന്ധിനഗര്‍: ശിഷ്യയെ പീഡിപ്പിച്ചെന്ന കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം ആസാറാം ബാപ്പുവിനെ കുറ്റക്കാരനാണെന്ന് ഗുജറാത്തിലെ ഗാന്ധിനഗര്‍ സെഷന്‍സ് കോടതി. ബലാത്സംഗത്തിന് കേസെടുത്ത് ഒമ്പത് വര്‍ഷത്തിന് ശേഷം തിങ്കളാഴ്ചയാണ് കോടതിയുടെ കണ്ടെത്തൽ. ആസാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ താമസിച്ചിരുന്ന ഒരു ശിഷ്യയാണ് കേസിലെ പരാതിക്കാരി. കേസില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിച്ചേക്കും.

2013ല്‍ രാജസ്ഥാനിലെ ആശ്രമത്തില്‍വെച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയതിന് ജോധ്പൂര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ് 81കാരനായ ആസാറാം ബാപ്പു. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിന് സമീപമുള്ള ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചതായാണ് ഈ കേസ്.

2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളില്‍ ഒമ്പത് പേര്‍ ആക്രമിക്കപ്പെടുകയും മൂന്നുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ പോലും വധഭീഷണി ഉയര്‍ന്നിരുന്നതായി പരാതിയുണ്ടായിരുന്നു.

ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിനും അനധികൃതമായി തടങ്കലില്‍ വെച്ചതിനും ആസാറാം ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസുണ്ട്. 2013ല്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന ആസാറാമിന്റെ ഭാര്യ ഉള്‍പ്പെടെ ആറ് പേരെ തെളിവുകളുടെ അഭാവത്തില്‍ നേരത്തെ വിട്ടയച്ചിരുന്നു.

Back to top button
error: