വടക്കൻ പാട്ടിലെ വീരേതിഹാസം ‘തച്ചോളി ഒതേനൻ’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 59 വർഷം
സിനിമ ഓർമ്മ
വടക്കൻ പാട്ടിലെ വീരനായകൻ ‘തച്ചോളി ഒതേനന്’ 59 വയസ്സ്. ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.കെ പരീക്കുട്ടി നിർമ്മിച്ച ‘തച്ചോളി ഒതേനൻ’ റിലീസ് ചെയ്‌തത് 1964 ജനുവരി 31നാണ്. തച്ചോളി മാണിക്കോത്ത് തറവാട്ടിലെ വീരശൂര പരാക്രമിയായി സത്യൻ അരങ്ങ് തകർത്ത ചിത്രം ആ വർഷത്തെ സൂപ്പർ ഹിറ്റായി. രചന: കെ പത്മനാഭൻ നായർ. സംവിധാനം: എസ്.എസ് രാജൻ.
കളരിപ്പയറ്റ് ഗുരു കതിരൂർ ഗുരുക്കളുടെ (പി.ജെ ആന്റണി) അസൂയയിൽ കിളിർത്ത ആക്രമണങ്ങൾ ഒന്നൊന്നായി നേരിട്ട് വിജയശ്രീലാളിതനാവുന്ന കളരി യോദ്ധാവ് ഒതേനന്റെ കഥയാണ് ചിത്രം പറഞ്ഞത്. ഒതേനന്റെ ശൗര്യം നാടെങ്ങും പരന്നപ്പോൾ കുങ്കി എന്ന സുന്ദരി (അംബിക) അയാളിൽ അനുരക്തയായി. പക്ഷെ കതിരൂർ ഗുരുക്കളുടെ ഒത്താശയിൽ കുങ്കി വിരൂപയാണെന്നാണ് (‘അരിവാള് പോലെ വളഞ്ഞവളും കാക്കപ്പോലെ കറുത്തവളും’) ഒതേനനെ ധരിപ്പിച്ചിരുന്നത്. ഒരിക്കൽ കാവിലെ ചിറയിൽ കുളിച്ചു കൊണ്ടിരിക്കുന്ന സൗന്ദര്യധാമത്തെ കണ്ട് അത് കുങ്കിയാണെന്നറിയുന്ന ഒതേനൻ അവളെ വിവാഹം കഴിക്കുന്നു. പിന്നീട് കതിരൂരിന്റെ ശത്രുക്കൾ ഒതേനനെ വളയുമ്പോൾ രക്ഷിക്കുന്നത് കുങ്കിയാണ്.
ഒടുവിൽ കതിരൂർ ഗുരുക്കളെ ഒതേനൻ വധിക്കുന്നതും ഗുരുക്കളുടെ ശിങ്കിടികളുടെ വെടിയേറ്റ് ഒതേനൻ മരിക്കുന്നതുമാണ് ക്ളൈമാക്‌സ്.
പ്രശസ്‌തമായ സാഹിത്യകൃതികൾ സിനിമയാക്കിക്കൊണ്ടിരുന്ന നിർമ്മാതാവ് പരീക്കുട്ടി (നീലക്കുയിൽ, രാരിച്ചൻ എന്ന പൗരൻ, മുടിയനായ പുത്രൻ) കളം മാറ്റി ചവിട്ടിയ ചിത്രമാണ് ‘തച്ചോളി ഒതേനൻ’.
പി ഭാസ്‌ക്കരൻ- ബാബുരാജ് ടീമിന്റെ 10 പാട്ടുകൾ ആസ്വാദകർ നെഞ്ചേറ്റി. ‘അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി’, ‘കൊട്ടും ഞാൻ കേട്ടില്ലാ’ തുടങ്ങിയ ഗാനങ്ങൾ ഇന്നും ശ്രോതാക്കളുടെ ചുണ്ടുകളിലുണ്ട്.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ