CrimeNEWS

നിര്‍മ്മാണം നടക്കുന്ന വീട്ടില്‍നിന്ന് 30 കിലോ കഞ്ചാവ് പിടികൂടി; വീട്ടുടമസ്ഥൻ അറസ്റ്റിൽ

കാസര്‍കോട്: മിയാപദവില്‍ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍നിന്ന് 30 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കേസിൽ വീട്ടുടമ മുഹമ്മദ് മുസ്തഫ പിടിയിലായി. മിയാപദവില്‍ നിര്‍മ്മാണം നടക്കുന്ന വീട്ടിനുള്ളില്‍ ചാക്കില്‍ കെട്ടി വച്ച നിലയിലായിരുന്നു 30 കിലോഗ്രാം കഞ്ചാവ്.

പണി പൂര്‍ത്തിയാകാകാത്ത വീട്ടിനുള്ളില്‍ സൂക്ഷിച്ചാല്‍ പുറത്ത് നിന്നുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് ഉണ്ടാവില്ലെന്ന നിഗമനത്തിലായിരുന്നു ഇത്. വീടിന്‍റെ ഉടമസ്ഥനായ മുഹമ്മദ് മുസ്തഫയെ എക്സൈസ് സംഘം പിടികൂടി. ആന്ധ്രപ്രദേശില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന കഞ്ചാവാണിതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാര്‍, വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, ത്രാസ്, കഞ്ചാവ് പാക്ക് ചെയ്യുന്നതിനുള്ള സാമഗ്രികള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്.

സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും കാസര്‍കോട് എക്സൈസ് സംഘവും ചേര്‍ന്നാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയത്. ആന്ധ്രപ്രദേശില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നയാളാണ് മുഹമ്മദ് മുസ്തഫയെന്നാണ് എക്സൈസ് സംഘം പറയുന്നത്. പണിതീരാത്ത വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച് ഇവിടെ നിന്ന് ചെറിയ പൊതികളാക്കി ജില്ലയുടെ വിവിധ ഇടങ്ങളില്‍ വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി. വിശദമായ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് എക്സൈസ്.

Back to top button
error: