KeralaNEWS

വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ യുവാക്കൾ എസ്.ഐയെ ഇടിച്ചിട്ടു; ഫോർട്ട്കൊച്ചി എസ്.ഐക്ക്‌ പരുക്ക് 

കൊച്ചി: വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ യുവാക്കൾ എസ്.ഐയെ ഇടിച്ചിട്ടു; ഫോർട്ട്കൊച്ചി എസ്.ഐയുടെ കൈക്കു പരുക്ക്. ഫോർട്ട് കൊച്ചിയില്‍ രാത്രി പരിശോധനയ്ക്കിടെയാണ് എസ്ഐയെ ബൈക്കിലെത്തിയ യുവാക്കള്‍ ഇടിച്ചു തെറിപ്പിച്ചത്. പള്ളത്തുരാമന്‍ പാര്‍ക്കിന് സമീപം വാഹനപരിശോധന നടത്തിയിരുന്ന ഫോർട്ട് കൊച്ചി എസ്ഐ സന്തോഷ് മേനോനാണ് പരുക്കേറ്റത്. ഹെല്‍മറ്റ് ധരിക്കാതെ മട്ടാഞ്ചേരി ഭാഗത്തു നിന്നെത്തിയ യുവാക്കളുടെ വാഹനത്തിനു കൈകാണിച്ച എസ്ഐയെ ഇടിച്ചിട്ടശേഷം സംഘം കടന്നുകളയുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ എസ്ഐയുടെ കൈയ്ക്കു പൊട്ടലുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്ക് യാത്രികരെ പിടികൂടാനുള്ള ശ്രമത്തിലാണു പൊലീസ്. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചെന്ന വിലയിരുത്തലില്‍ കൊച്ചിയില്‍ പൊലീസ് വ്യാപകമായി പരിശോധന നടത്തി വരികയാണ്. അതിനിടെയാണ് ഈ സംഭവം. ഓപ്പറേഷന്‍ കോമ്പിങ് എന്ന പേരിട്ടിരിക്കുന്ന പരിശോധനയില്‍ ഇതുവരെ 370 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.

Signature-ad

മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 242 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഞ്ചാവ് ഉള്‍പ്പെടെ ലഹരിയുമായി 26 പേരാണ് കുടുങ്ങിയത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 23 പേരെയാണ് പിടികൂടിയത്. ഇതിന് പുറമേ അപകടകരമായ രീതിയില്‍ വാഹനമോടിച്ചത് അടക്കമുള്ള ഗതാഗതനിയമ ലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

Back to top button
error: