കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ, മാഞ്ഞൂര്‍ പഞ്ചായത്തിലെ അസി. എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍. ഇ.ടി അജിത് കുമാറാണ് വിജിലന്‍സ് ഒരുക്കിയ കെണിയില്‍ വീണത്. പ്രവാസിയില്‍ നിന്ന് 20,000 രൂപയും ഒരു കുപ്പി സ്കോച്ചും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
യുകെയില്‍ നിന്ന് എത്തി പഞ്ചായത്തില്‍ ഒരു വ്യവസായം തുടങ്ങാന്‍ ആഗ്രഹിച്ച പ്രവാസിയില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കഴിഞ്ഞയാഴ്ച 5000 രൂപയും ഒരു കുപ്പി സ്കോച്ചും കൈക്കൂലിയായി വാങ്ങിയിരുന്നു. വലിയ പദ്ധതിയായതിനാല്‍ കൈക്കൂലിയായി നല്‍കിയത് കുറഞ്ഞുപോയെന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നതായും എന്‍ജിനീയര്‍ അറിയിച്ചു. തുടര്‍ന്ന് വ്യവസായി ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
വിജിലന്‍സിന്റെ നിര്‍ദേശം അനുസരിച്ച് 20,000 രൂപയും സ്കോച്ചുമായി പ്രവാസി പഞ്ചായത്തില്‍ എത്തി. തുടര്‍ന്ന് 20,000 രൂപയും ഒരു കുപ്പി സ്കോച്ചും അസി. എന്‍ജിനീയര്‍ക്ക് നല്കി. സ്കോച്ച് വൈകിട്ട് ഓഫീസ് വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ തന്നാല്‍ മതിയെന്ന് പറഞ്ഞ് തിരിച്ചുകൊടുത്തു. പ്രവാസി ഓഫീസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ കോട്ടയത്ത് നിന്നുള്ള വിജിലന്‍സ് സംഘം അജിത് കുമാറിനെ പിടികൂടുകയായിരുന്നു.കൈക്കൂലിയായി നല്കിയ പണം വിജിലന്‍സ് നല്കിയ നോട്ട് ആണെന്ന് സ്ഥിരീകരിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ വിജിലന്‍സ് തുടര്‍നടപടികള്‍ സ്വീകരിച്ചു.