CrimeNEWS

വർക്കലയിൽ അനുമതിയില്ലാതെ 500 രൂപ ടിക്കറ്റിൽ ഡിജെ പാർട്ടിയും മദ്യ സൽക്കാരവും; ഫ്രാൻസിസ്കോ റിസോര്‍ട്ടിൽ പൊലീസിന്‍റെ മിന്നൽ പരിശോധന, ബിയറും വിദേശമദ്യവും പിടികൂടി

തിരുവനന്തപുരം: വർക്കലയിൽ അനുമതിയില്ലാതെ ഡിജെ പാർട്ടിയും മദ്യ സൽക്കാരവും നടത്തിയ സ്വകാര്യ റിസോർട്ടിൽ പൊലീസിൻറെ മിന്നൽ പരിശോധന. ഇന്നലെ രാത്രി പത്ത് മണിയോടുകൂടിയായിരുന്നു പൊലീസിൻറെ പരിശോധന. നോർത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന സൺ ഫ്രാൻസിസ്കോ റിസോർട്ടിൽ നിന്ന് 40 കുപ്പി ബിയറും വിദേശമദ്യ ശേഖരവും പിടികൂടി. 500 രൂപ ടിക്കറ്റ് വച്ചായിരുന്നു ഡിജെ പാർട്ടി. ഹിമാചൽ പ്രദേശ് സ്വദ്ദേശി ധരം ചന്ദ്, പൂവച്ചൽ സ്വദേശി ഷിജിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. റിസോർട്ട് ഉടമയായ വിദേശവനിതയെക്കുറിച്ചും അന്വേഷണം തുടങ്ങി. അനധികൃതമായി പ്രവർത്തിക്കുന്നതിനാൽ റിസോർട്ട് പൊളിച്ചുമാറ്റാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു.

തിരുവനന്തപുരം നഗര പരിധിയിൽ ഡിജെ പാർട്ടികൾ നടത്തുന്നതിന് പൊലീസ് മാർഗ നിർദ്ദേശങ്ങൾ നൽകിയരുന്നു. ഡിജെ പാർട്ടി സ്പോൺസർ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങൾ അറിയിക്കണമെന്നാണ് പൊലീസ് നിർദ്ദേശം നൽകിയിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ അടക്കം സൂക്ഷിക്കണം, ഹോട്ടലുകളിലേയും ബാറിന്റെയും ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് വേണമെന്നുമായിരുന്നു പൊലീസിൻറെ നിർദ്ദേശം. പാർക്കിംഗ് സ്ഥലത്ത് ഉൾപ്പെടെ സിസിടിവി ക്യാമറകൾ വേണം, മയക്കുമരുന്നോ ആയുധങ്ങളോ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു. മദ്യം, ആഹാരം എന്നിവ വിളമ്പുന്നത് നിഷ്കർഷിച്ച സമയത്ത് മാത്രമാക്കണമെന്നും പൊലീസ് നിർദ്ദേശിച്ചിരുന്നു.

Signature-ad

തുറസായ സ്ഥലങ്ങളിൽ മൈക്ക് പ്രവർത്തിപ്പിക്കാൻ അനുമതി തേടണമെന്നും ശബ്‍ദ പരിധി ലംഘിക്കാതിരിക്കാൻ ഡെസിബൽ മീറ്റർ സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. വർക്കലയിൽ വിനോദ സഞ്ചാരത്തിൻറെ മറവിൽ വ്യാപക ലഹരി വിൽപ്പനയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് ഇടനിലക്കാർ ലഹരി എത്തിക്കുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസും എക്സൈസും നിരവധി തവണ ആവശ്യം ഉയർന്നിരുന്നു.

Back to top button
error: